(കഥ)
ആഴ്ചകള്‍ക്ക്
മുന്‍പ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ചൂടുള്ള മത്തിക്കറി ചോറുംപാത്രത്തിലേക്ക്
ഇട്ടിട്ട് അമ്മ പറഞ്ഞു: ‘ഇനി അമ്പതു നാള്‍ ഇറച്ചിയും മീനും ഒന്നുമില്ല. നാളെ
നോയമ്പ് തുടങ്ങും.’
അമ്മയുടെ
പറച്ചില്‍ കേട്ടാല്‍ തോന്നും എന്നും ഇവിടെ ഇറച്ചിയും മീനും ആണെന്ന്‍! എനിക്ക്ചിരി
വന്നു. എത്ര ദിവസം കൂടിയാണ് ഇന്നല്‍പം മീന്‍ വാങ്ങിയത്. അപ്പന്‍ കിടപ്പിലായതില്‍
പിന്നെ അമ്മയുടെ തൂപ്പുജോലിയില്‍ നിന്ന്‍ കിട്ടുന്ന വരുമാനം കൊണ്ടാണ്
വീട്ടുചിലവുകള്‍ നടത്തുന്നത്. ബീകോംകാരന്‍ മകന് ബാങ്ക് ഓഫീസര്‍ ജോലി സ്വപ്നം കണ്ട
അമ്മയ്ക്ക് അവനെ കൂലിവേലയ്ക്ക് വിടാന്‍ എന്തുകൊണ്ടോ തോന്നുന്നില്ല.
അമ്പതു നോയമ്പ്
അമ്മയുടെ ജീവിതഭാരം വളരെ ലഘൂകരിക്കും. ഇനി എന്നും രാവിലെയും വൈകിട്ടും കഞ്ഞിയും
മുളക് പൊട്ടിച്ചതും തന്നെ. വല്ലപ്പോഴും ഉണ്ടാക്കുന്ന പയറുകറി ഉണ്ടെങ്കില്‍ കുശാല്‍.
രാവിലെ വികാരിയച്ചന്‍ നടത്തിയ ഘോര പ്രസംഗം ഞാന്‍ ഓര്‍ത്തു. ‘കടുത്ത
ആത്മനിയന്ത്രണം കൊണ്ട് തീര്‍ച്ചയായും ഈ അമ്പതുനോമ്പുകാലം നിങ്ങള്‍ക്ക് മാംസവര്‍ജനദിവസങ്ങള്‍
ആക്കി മാറ്റാന്‍ കഴിയും’. എന്നും നോയമ്പ് നോക്കുന്ന നമ്മുക്കെന്ത് ആത്മനിയന്ത്രണം?
വിചാരിച്ചതുപോലെതന്നെ
അമ്മയുടെ നോമ്പുകാല പദ്ധതികള്‍ നന്നായി പോയി. എപ്പോഴുമുള്ള ഉപവാസങ്ങള്‍ക്കൊരു
ആദ്ധ്യാത്മിക പരിവേഷം വന്നു. ഞാനോ അനിയത്തിമാരോ ഒട്ടും പിറുപിറുത്തില്ല.
അതുകൊണ്ടാവണം ആഴ്ചയിലെ മുഴുവന്‍നീള ഉപവാസദിനങ്ങളുടെ എണ്ണം അമ്മ ഏകപക്ഷീയമായി
കൂട്ടിയത്. എല്ലാവരും നോമ്പ് വീടലിനായി കാത്തിരുന്നപ്പോഴാണ് ചേച്ചിയുടെ പ്രാരാബ്ദ
വരവ്. അളിയന്‍ കുടിച്ചു ലക്കുകെട്ട് ബൈക്ക് ഓടിച്ച് എവിടെയോ മറിഞ്ഞു കാലൊടിഞ്ഞത്രേ!