മലയാളം സൈബര്‍ ഡയറി
വിളര്‍ച്ച
Image growgreenbonsai.com
വലുതായിട്ടും വയസ്സായിട്ടും
എന്താ കാര്യം?
വളരെ വളരെ
വളരേണ്ടിയിരിക്കുന്നു!!
© Sibichen K Mathew
+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*
ഈ പീഡനം നിര്‍ത്തൂ :
ഇന്ത്യയില്‍ ഡീ സ്കൂളിംഗിന്
വേണ്ടിയുള്ള ഒരു മുറവിളി
-------------------------------------------------------------------------------
എന്‍റെ മകള്‍ അവളുടെ ക്ളാസ്സില്‍ ഒരിയ്ക്കലും ഏറ്റവും
മുന്‍പന്തിയില്‍ ഉള്ള കുട്ടികളുടെ പട്ടികയില്‍ ഉണ്ടാകാറില്ല. ഏതൊരു മധ്യവര്‍ഗ
മാതാപിതാക്കളെയും പോലെ, ഞാനും എന്‍റെ ഭാര്യയും എല്ലാ തന്ത്രങ്ങളും അവളുടെ
മേല്‍ പയറ്റി നോക്കി; മഹാന്മാരുടെ
പ്രചോദനദായകമായ കഥകള്‍,
ഞങ്ങളുടെ തന്നെ വിദ്യാഭ്യാസ കാലത്തെ അതിശയോക്തി
കലര്‍ന്ന സാഹസികതകള്‍, പൊതു പരീക്ഷകളില്‍ മികച്ച മാര്‍ക്കുകള്‍ കിട്ടാതെ പരാജയപ്പെട്ട വിദ്യാര്‍ഥികളുടെ ദാരുണമായ
കഥകള്‍. ജേതാക്കളുടെ വാര്‍ത്തകള്‍ വന്ന പേപ്പര്‍ കട്ടിംഗുകള്‍ നിറയെ അകത്തും
പുറത്തും ഒട്ടിച്ചു വച്ച വീട് …. അങ്ങിനെ എന്തെല്ലാം. സ്കൂളില്‍
നന്നായി പഠിക്കാത്തതിനാല്‍ കഷ്ടം നിറഞ്ഞ അവസ്ഥയില്‍ ജീവിക്കുന്ന വീട്ടു
ജോലിക്കാരിയുടെ കഥ വരെ ഞങ്ങളുടെ
ഉത്ക്കണ്ഠ കാരണം പറയാന്‍ നിര്‍ബന്ധിതരായി.
അത് കേട്ടപ്പോള്‍ എന്‍റെ മകള്‍ വെറുതെ ഒന്നു ചിരിച്ചു. ഇത്തരം ഒരു തന്ത്രവും
അവളുടെ മേല്‍ ഏശിയില്ല . അവള്‍
തനിക്ക് പ്രിയപ്പെട്ടതും
താത്പര്യമുള്ളതും , ശേഷി അനുസരിച്ചുമുള്ളതുമായ
കാര്യങ്ങള്‍ മാത്രം തുടര്‍ന്നു ചെയ്തു.
Image: Favole13.devantart.com
ഞങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്മെന്‍റ്
സമുച്ചയത്തിന് തൊട്ടടുത്തുള്ള പബ്ലിക് സ്കൂളില്‍ ആണ് അവളെ ചേര്‍ത്തിരിക്കുന്നത്.
അത് കൊണ്ട് ജീവിതം വളരെ എളുപ്പമുള്ളതായി. സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ എപ്പോള്‍ വിളിച്ചാലും
ചെന്നു കാണുവാന്‍ സാധിയ്ക്കും. അത് മിക്കവാറും എല്ലാ യൂണിറ്റ്
ടെസ്റ്റ് കഴിയുമ്പോഴുമായിരിക്കും. ന്യായവിധി കാത്തിരിക്കുന്ന കുറ്റവാളികളായ
മാതാപിതാക്കളെ പോലെ സ്കൂളിലെ സ്വീകരണ മുറിയില്‍
ഞങ്ങള്‍ രണ്ടാളും ഇരിക്കവേ ഒരു ചെറിയ
ആശ്വാസമുണ്ട്; ഞങ്ങളെ പോലെ പരസ്പരമോ മറുള്ളവരുമായോ
ഒരു വാക്കുപോലും മിണ്ടാതെ നിശബ്ദരായി ഇരിക്കുന്ന
അനേകം ദമ്പതികള്‍. ഒരു പുഞ്ചിരി
പോലും കൈമാറാതെ! എല്ലാവരും എസ്എം എസ് വഴി അവരുടെ ഓഫീസ് ജോലികള്‍ പിന്തുടരുന്ന തിരക്കിലായിരുന്നു. ഞങ്ങളെ വിളിക്കുമ്പോള്‍ അകത്തു പോയി വൈസ് പ്രിന്‍സിപ്പലിന്‍റെ
അല്ലെങ്കില്‍ ക്ലാസ് ടീച്ചറുടെ മുന്നില്‍ ഗൃഹപാഠം ചെയ്യാത്തതിനാല്‍
പിടികൂടപ്പെട്ട കുട്ടികളുടെ ഭാവത്തോടെ ഇരിക്കും. വളരെ ശ്രദ്ധാപൂര്‍വം മുന്നോട്ടാഞ്ഞു കസേരയില്‍
ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം
മിടിക്കുന്നത് പരസ്പരം കേള്‍ക്കാമായിരുന്നു. അത്രയേറെ അനുസരണയോടെ വേറെ എങ്ങും എന്‍റെ ഭാര്യ
ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല.
എന്‍റെ മകളുടെ ഉത്തരപേപ്പറുകളും , അസൈന്‍മെന്‍റുകളും അടങ്ങിയ ഒരു
വലിയ ഫയല്‍ വായിച്ചു കഴിഞ്ഞ് "നിങ്ങളുടെ
മകള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നു എനിക്കു തോന്നുന്നു"
എന്നു വൈസ് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍
ഞങ്ങളുടെ രണ്ടാളുടെയും ശ്വാസം പൊടുന്നനെ നേരെ വീഴും. വൈസ് പ്രിന്‍സിപ്പല്‍
തുടരും "പക്ഷേ അത് അത്ര മതിയാകില്ല". കൂടുതല്‍ മെച്ചപ്പെടാനുള്ള ആത്മാര്‍ഥമായ നിര്‍ദേശങ്ങള്‍ അദ്ദേഹം നല്കും.
ഞങ്ങള്‍ അത് ശ്രദ്ധയോടെ കേട്ട് ഓരോ വാക്കും സമ്മതിക്കും. ഓരോ വിദ്യാര്‍ഥിക്കും
മേലുള്ള മേല്‍നോട്ടവും അദ്ധ്യാപകരുടെയും വൈസ് പ്രിന്‍സിപ്പലിന്‍റെയും
പ്രതിബദ്ധതയും കണ്ടു ഞങ്ങള്‍ അതിശയിക്കും. അടുത്ത പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് നേടുവാന്‍
ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ
ശ്രമങ്ങളും ഉണ്ടാകുമെന്ന് ഉറപ്പും അദ്ദേഹത്തിന് നന്ദിയും പറഞ്ഞു ഞങ്ങള്‍ അവിടം
വിടുന്നു. പുറത്തു കടക്കുന്ന ഉടനെ ഞങ്ങള്‍ വിഷയത്തെ കുറിച്ച് ദീര്‍ഘമായി
സംസാരിക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നു.
തീരുമാനങ്ങള്‍ എപ്പോഴും ഒന്നു തന്നെയാണ് 1) അവളെ ബാസ്ക്കറ്റ് ബോള്‍
കളിക്കുവാന്‍ അയക്കണ്ട 2)
പുറത്തുകളിക്കുവാന്‍ പോകുന്നത് ആഴ്ചയുടെ അവസാനം മാത്രം 3) വീട്ടിലെ ടൈംടേബിള്‍ കര്‍ശനമായി പാലിക്കുവാന്‍ അവളെ
പ്രേരിപ്പിക്കുക 4) കുടുംബത്തിലെ
ചടങ്ങുകള്‍, പുറത്തു ഭക്ഷണം കഴിക്കുവാനായി പോകുന്ന അവസരങ്ങള്‍ എന്നിവയ്ക്കു അവളെ
ഒഴിവാക്കുക, എന്നിങ്ങനെ.
സര്‍ഗ്ഗശക്തിയെ ഹനിക്കല്‍
----------------------
എന്‍റെ മകള്‍ക്ക് അത്യധികം പ്രിയപ്പെട്ടതാണ് അവളുടെ ബാസ്ക്കറ്റ് ബോള്‍ പരിശീലനം.
ഞങ്ങളത് നിര്‍ത്തിയപ്പോള്‍ അവള്‍ കരഞ്ഞു. അവളൊരു നല്ല കായികതാരമാണ്. പുറത്തു പോയി അവള്‍ കളിക്കുന്നത്
ഞങ്ങള്‍ നിര്‍ത്തലാക്കി. ടിവി പരിപാടികള്‍
കാണുവാന്‍ അവള്‍ക്ക് വളരെ ഇഷ്ടമാണ്. അവളുടെ ടിവി കാണുന്ന
സമയം ഞങ്ങള്‍ വെട്ടിച്ചുരുക്കി.
കസിന്‍മാരുടെ കൂടെയും കൂട്ടുകാര്‍ക്കൊപ്പവും സംസാരിക്കാനും കളിക്കുവാനുമവള്‍ക്ക്
ഇഷ്ടമാണ്. അത് ഞങ്ങള്‍ നിയന്ത്രിച്ചു.
ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളില്‍ യാത്ര പോകുവാനും അവര്‍ക്കൊപ്പം സമയം ചെലവിടാനും
അവള്‍ക്ക് ഇഷ്ടമാണ്. പുറം യാത്രകള്‍
ഞങ്ങള്‍ കുറച്ചു. ഈ നിയന്ത്രണങ്ങള്‍
എല്ലാം നടപ്പാക്കിയത് അതേക്കുറിച്ച് ഞങ്ങള്‍ക്കു വിശ്വാസം ഉണ്ടായിട്ടല്ല. പഠന
നിലവാരത്തില്‍ അദ്ധ്യാപകരുടെ പ്രതീക്ഷകള്‍
പാലിക്കാത്തത് കാരണം സ്കൂളില്‍ അവളെ അദ്ധ്യാപകര്‍ പരിഹസിക്കുന്നതോ
അവഗണിക്കുന്നതോ ഒരിയ്ക്കലും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. വിദ്യാഭ്യാസമുള്ള
മാതാപിതാക്കള്‍ എന്ന നിലയില്‍ ഈ
നിയന്ത്രണങ്ങളൊക്കെ വൃഥാവിലാണെന്നും അവ കുട്ടിയുടെ സര്‍ഗാത്മകതയെ നശിപ്പിക്കുമെന്നും അറിയാം. പക്ഷേ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും
ഒരേ കഴിവുള്ളവരാണെന്നും എല്ലാവര്‍ക്കും ഉയര്‍ന്ന ഗ്രേഡുകള്‍ കിട്ടുമെന്നും
സ്കൂളുകള്‍ പ്രതീക്ഷിക്കും (“നിങ്ങള്‍ക്ക് അത് ഇഷ്ടമല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയെ
മറ്റൊരു സ്കൂളിലേക്ക് മാറ്റാം”!)
സ്കൂള്‍ അധികൃതരുടെ
ശാസനകളും, ഭീഷണികളും, അസംതൃപ്തിയും ഒഴിവാക്കിയാല്‍
അവളുടെ മൊത്തത്തിലുള്ള
പ്രകടനത്തിലും പെരുമാറ്റത്തിലും ഞങ്ങള്‍ അങ്ങേയറ്റം സന്തുഷ്ടരാണ്. വളരെ നല്ല
വൈകാരിക, സാമൂഹ്യ നിലവാരമാണു
കുട്ടിക്കുള്ളത്, മറ്റുള്ളവരോട് വളരെയധികം അനുകമ്പയും, സ്നേഹവും ഉണ്ട്. വളരെ മികച്ച നേതൃപാടവും സാമൂഹ്യ
ശേഷിയുമുണ്ട്. മറ്റുള്ളവരെ കുറിച്ച് ഒരു കുറ്റവും അവള്‍
ഒരിയ്ക്കലും പറയാറില്ല. ഞങ്ങള്‍
പക്ഷേ സത്യത്തില്‍ മനോഹരമായ അവളുടെ ബാല്യത്തെ
നശിപ്പിക്കുകയാണ്. സ്കൂളില്‍ നിന്നുള്ള പഠന സമ്മര്‍ദ്ദം, മത്സരം നിറഞ്ഞ ചുറ്റുപാട്, അവള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാവുന്ന ഒരു
സുരക്ഷിതമായ ജോലി ലഭിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്കുള്ള ആശങ്കകള്‍;
ഇവയെല്ലാം കാരണം വീട്ടിനുള്ളില്‍
കോപാകുലരായ കടുവകളുടെ മുഖം മൂടി
ധരിക്കുവാന്‍ ഞങ്ങളെ നിര്‍ബന്ധിതരാകുന്നു. സന്ധ്യകളില്‍ വീടിനകം ഒരു യുദ്ധക്കളം പോലെ ആണ്. എന്നാണ് നമ്മള്‍ ഒരുമിച്ച് ടിവിയുടെ
മുന്നിലിരുന്നു ഒരു സിനിമ കണ്ടു വയര്‍
വേദനിക്കും വരെ ചിരിക്കുക എന്നു ഞാന്‍ ഭാര്യയോട് ചോദിക്കാറുണ്ട്
സൂര്യന് കീഴിലുള്ള എല്ലാം
കുത്തിനിറയ്ക്കല്‍
-----------------------------------------
സൂര്യന് കീഴിലുള്ള എല്ലാത്തിനെയും അറിവ് എന്നു
വിളിച്ച് ഹതഭാഗ്യരായ വിദ്യാര്‍ഥികളില്‍ കുത്തിനിറയ്ക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ
സംവിധാനത്തെ ഞാന്‍ വെറുത്തു തുടങ്ങി. എന്‍റെ സ്കൂളിലെ കെമിസ്ട്രി പോട്ടെ,
കോളജില്‍ പഠിച്ച കെമിസ്ട്രി പോലും എനിക്കു ഓര്‍മ്മയില്ല. എട്ടാം ക്ലാസിലെ
വിദ്യാര്‍ഥി കെമിസ്ട്രിയില്‍ ബിരുദം നേടിയ അവളുടെ പിതാവിനോട് ആരോമാറ്റിക്
കോംപൌണ്ടുകളുടെ ഘടനയെ കുറിച്ച് മനസിലാക്കുവാനായി
സഹായം തേടുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചത് ഓര്‍ക്കാന്‍ അയാള്‍ കിണഞ്ഞു
ശ്രമിക്കുന്നു. ബെന്‍സീനും ഡബിള്‍ ബോണ്ടും എന്ന അവ്യക്തമായ ഓര്‍മയല്ലാതെ
മറ്റൊന്നും മനസ്സിലേക്ക് വരുന്നില്ല. സ്കൂളിലും കോളജിലും പഠിച്ച എന്തെല്ലാം
കാര്യങ്ങള്‍ നമുക്ക് ഓര്‍ക്കുവാന്‍ സാധിക്കും??? നമ്മള്‍ പഠിച്ചതില്‍
എത്ര മാത്രം കാര്യങ്ങള്‍ പ്രത്യക്ഷമായോ
പരോക്ഷമായോ ജീവിതത്തില്‍ അത്യാവശ്യമായോ
പ്രയോജനപ്രദമായോ കണ്ടെത്തിയിട്ടുണ്ട്??
ഇവാന്‍ ഇല്ലിച്ച് അദ്ദേഹത്തിന്‍റെ ഡീ സ്കൂളിംഗ്
സൊസൈറ്റി എന്ന പുസ്തകത്തില്‍ സ്കൂള്‍ സംവിധാനത്തിലെ യുക്തിരാഹിത്യത്തെ കുറിച്ച്
പരാമര്‍ശിച്ചിട്ടുണ്ട്. സ്ഥാപകവത്ക്കരിക്കപ്പെട്ട, ഉപഭോക്തൃവത്ക്കരിക്കപ്പെട്ട , കൃത്യമായി പൊതിഞ്ഞു കെട്ടപ്പെട്ട, വീര്യം കെടുത്തിയ ഒരു സമൂഹത്തെ ലക്ഷ്യമാക്കിയാണ് നിര്‍ബന്ധിത സ്കൂള്‍ സംവിധാനമെന്ന് ഇല്ലിച്ച്
പറയുന്നു
ഇപ്പോഴത്തെ
സ്കൂള്‍ സംവിധാനത്തില്‍ അദ്ധ്യാപകര്‍ പോലീസുകാരും, മാതാപിതാക്കള്‍ പട്ടാള ഉദ്യോഗസ്ഥരുമാണ്.
കുട്ടിയെ പഠിപ്പിക്കുക എന്ന പൊതു ലക്ഷ്യത്തിന് വേണ്ടി അവര്‍ രണ്ടുപേരും കൈകള്‍
കോര്‍ക്കുന്നു. ഭൂരിപക്ഷത്തിനും നേടാന്‍
സാധിക്കാത്ത ഒരു ലക്ഷ്യം നേടാനുള്ള കഠിന പരിശ്രമത്തിനു എല്ലാ വിദ്യാര്‍ഥികളെയും പ്രതിജ്ഞ
ചെയ്യിപ്പിക്കുന്നു. ഡോക്ടര്‍മാരും
എഞ്ചിനീയര്‍മാരുമാകാന്‍ പഠിക്കുവാനുള്ള കോഴ്സിന് സുരക്ഷിതമായ സീറ്റുകള്‍ ഉണ്ടെന്നു
കപടമായ പ്രതീക്ഷകള്‍ നല്കി പാവപ്പെട്ടവരെ പോലും നിര്‍ബന്ധിക്കുന്നു. ഇന്നത്തെ
വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ബന്ധിത പൊതു വിദ്യാഭ്യാസ സംവിധാനം, എല്ലാ കുട്ടികള്‍ക്കും കപടമായ വാഗ്ദാനം നല്‍കുകയാണ്. ഏറ്റവും ഒടുവിലാകട്ടെ
ഉന്നത വിദ്യാഭ്യാസ രംഗത്ത് അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നിരാകരിക്കുകയും
ചെയ്യുന്നു. അവര്‍ കൂലിത്തൊഴിലാളികളോ
വീട്ടുവേലക്കാരോ ആകുമ്പോള്‍, അവരുടെ സ്കൂള്‍ യൂണിഫോറം, ടൈ, അവരെ പഠിപ്പിക്കുന്ന
ഇംഗ്ലീഷ് മാനേഴ്സ്, എന്നിവയെല്ലാം വൃഥാവിലാകുന്നു.
.
സാമൂഹ്യ വിഘടനവും വ്യക്തിത്വത്തെ
വികൃതമാക്കലും
-----------------------------------------------------
പാഠശാലയില്‍
ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ പണ്ടുള്ള ലക്ഷ്യം എല്ലാ രംഗത്തുമുള്ള വ്യക്തിത്വ വികസനവും സാമൂഹ്യവത്കരണവും ആയിരുന്നു. ഇന്ന്
വ്യക്തിത്വത്തെ വികൃതമാക്കലും സാമൂഹ്യ വിഘടനവും
ആണ് സംഭവിക്കുന്നത്. ഇന്ന് സ്കൂള്‍ വിദ്യാഭ്യാസം ഫാസ്റ്റ് ഫുഡ് പോലെയാണ്.
അത് സര്‍ഗശക്തിയെ വളര്‍ത്തുന്നില്ല . സര്‍ഗശക്തിയുടെ പേരില്‍ അദ്ധ്യാപകര്‍ നല്‍കുന്ന പ്രോജക്ടുകള്‍ ഒന്നുകില്‍ വെബ്ബില്‍ നിന്നു അതേ
പടി പകര്‍ത്തിയോ അല്ലെങ്കില്‍
മാതാപിതാക്കളുടെ സഹായത്തോടെയോ
കുട്ടികള്‍ പൂര്‍ത്തിയാക്കുന്നു .
ബാല്യമെന്നത് കുട്ടികള്‍ക്ക് പ്രകൃതിയില്‍ നിന്നും സമൂഹത്തില്‍ നിന്നും കളിക്കുവാനും പഠിക്കുവാനുമുള്ളതാണ്. ആ
ഘട്ടത്തിലാണ് യഥാര്‍ഥത്തില്‍ അവര്‍
മാതാപിതാക്കള്‍ക്കൊപ്പവും ,
ബന്ധുക്കള്‍ക്കൊപ്പവും കൂടുതല്‍ സമയം
ചെലവിടേണ്ടത്. അവരുടെ ആക്രോശം കേള്‍ക്കുവാനല്ല മറിച്ച് അവരുടെ ജീവിതത്തെ കുറിച്ച്
അവരില്‍ നിന്നും കേള്‍ക്കുവാനാണ്.
ഉന്നത വിദ്യാഭ്യാസം
സ്ഥാപകവത്ക്കരിക്കാതിരിക്കുന്നതിലെ
ആവശ്യകത
-----------------------------------------------------------------------
പഠനം എന്നത് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു
പ്രക്രിയയാണ് . സ്ഥാപകവത്ക്കരിച്ച ഒരു
പ്രക്രിയയിലൂടെ അത് ഒരാളുടെ മേലും അടിച്ചേല്‍പ്പിക്കുവാന്‍ സാധ്യമല്ല. ഒരു വ്യക്തി
അഞ്ചു വര്‍ഷം എഞ്ചിനീയറിംഗ് പഠിക്കുവാന്‍ ചെലവിടുന്നു, പിന്നെ രണ്ടോ മൂന്നോ വര്‍ഷം
ബിരുദാനന്തര ബിരുദവും. പിന്നെ ലഭിക്കുന്ന തൊഴിലില്‍ അയാള്‍ പഠിച്ചതിന്‍റെ വളരെ
ചെറിയ അളവ് മാത്രം ഉപയോഗിക്കേണ്ടി വരിക എന്നത് വെറുതെ സമയം മെനക്കേടുത്തല്‍
മാത്രമല്ലേ?? അതിനു പകരം താത്പര്യമുള്ള മേഖലയില്‍
അയാള്‍ക്ക് തൊഴിലഭ്യസിക്കുന്നതിനു ചേരാവുന്നതും പിന്നീട് ജോലി ആവശ്യപ്പെടുന്ന
തരത്തില്‍ അയാളുടെ കഴിവുകളെ കൂടുതല്‍ മൂര്‍ച്ച കൂട്ടാവുന്നതുമാണ്. അങ്ങിനെ ആ മേഖലയില്‍ അയാള്‍ക്ക് വളരെ നേരത്തെ
വിദഗ്ധന്‍ ആകുവാനും ക്ലാസ് മുറിയിലെ അനേക
വര്‍ഷത്തെ പഠനത്തിനു ചെലവിടേണ്ട സമയം
ലാഭിക്കുവാനും സാധിക്കും. വിദ്യാഭ്യാസ കച്ചവടം കൂടുതല്‍
വികസിപ്പിക്കുന്നതിനും ധാരാളം ആളുകള്‍ക്ക്
അധ്യാപന ജോലി നല്‍കുന്നതിനും വേണ്ടി
മാത്രമാണ് ഈ കോഴ്സുകള്‍ ദൈര്‍ഘ്യമുള്ളതാക്കുന്നത്. ഇതിലൂടെ സമ്പദ്വ്യവസ്ഥക്കു
യാതൊരു ക്രിയാത്മകലാഭവും ലഭിക്കുന്നില്ല. ഉദ്യോഗാര്‍ഥികളുടെ ബിരുദത്തിന്‍റെ
അടിസ്ഥാനത്തില്‍ മാത്രമല്ല ആ തൊഴിലില്‍ അയാള്‍ക്കുള്ള കഴിവിനെ കൂടി തൊഴിലുടമകള്‍
അളക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഉദാഹരണത്തിന്,
പ്രമുഖമായ ഐ ഐ എം കള്‍ , ഐ ഐ ടികള്‍ , എന്നിവയില്‍ പി എച്ച് ഡി
ബിരുദമുള്ള, നൂറുകണക്കിനു ഗവേഷണങ്ങള്‍ പ്രസിദ്ധീരിച്ചിട്ടുള്ളവരുമായ പ്രൊഫസര്‍മാരെ
നമുക്ക് കാണുവാന്‍ സാധിയ്ക്കും. പക്ഷേ അവരുടെ അധ്യാപന കഴിവുകള്‍
മോശമായിരിക്കും. ഒരു ടീച്ചിംഗ് സ്ഥാപനത്തില്‍ എത്ര വലിയ പണ്ഡിതനാണെങ്കിലും
പഠിപ്പിക്കാനറിയില്ലെങ്കില്‍ എന്തു പ്രയോജനം?
ഞാനവസാനിപ്പിക്കട്ടെ. ഞാന്‍ പോയി ഒച്ചയിട്ടു എന്‍റെ
മോളെ പഠിക്കാനിരുത്തട്ടെ!
© Sibichen K Mathew
( Malayalam translation by Bindu B
Menon. Original article in English
available here. )
+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*
തിരിച്ചറിവ്
Photo: Tryingfitness.com
കണ്മുന്‍പില്‍ കണ്ട
കണ്ണാടികളില്‍ കണ്‍പരതി.
കണ്ടില്ല ഞാന്‍ എന്നെ
എവിടെയും.
കണ്ടൂ ഞാന്‍ എന്നെ ഉള്ളില്‍, കറുത്ത മൂടിക്കുള്ളില്‍
കരഞ്ഞു പറഞ്ഞു ‘അതു ഞാനല്ല’
© Sibichen K Mathew
*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+_*+*+*+*+*+
ഒരു പത്തുവയസുകാരന്‍റെ വിശുദ്ധവാര ഓർമ്മകൾ
പെസഹ വ്യാഴാഴ്ച
അമ്മവീട്ടിലെ അടുക്കളയിൽ തേങ്ങ ചുരണ്ടിക്കൊണ്ടിരുന്ന അമ്മായിയുടെ അടുത്ത് തേങ്ങ തിന്നാൻ ഞാനും എന്‍റെ പെങ്ങളും ഞങ്ങളെക്കാൾ രണ്ടു വയസു മൂത്ത അമ്മയുടെ അനിയത്തി അനിലചേച്ചിയും ഇരിക്കുമ്പോഴാണ് ഏതോ വാർത്തയുമായി അമ്മാവൻ എത്തിയത്. പതിവുള്ള കുശലങ്ങളൊന്നും ഞങ്ങളോടു ചോദിക്കാതെ അമ്മായിയെ അകത്തേക്ക് വിളിച്ച് എന്തോ സ്വകാര്യമായി പറയുന്നതുകണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. കാരണം അമ്മാവൻ പറഞ്ഞു തീരും മുമ്പേ അമ്മായി കൈ തലയിലിടിച്ച് കരയുന്നതാണ് കണ്ടത് . എന്താണു കാര്യമെന്നറിയാതെ പകച്ചു നിന്ന ഞങ്ങൾ മൂന്നു പേരിൽ എന്നെയും പെങ്ങളെയും അടുത്ത് വിളിച്ച് രണ്ടു കൈകളും ഞങ്ങളുടെ തോളിൽ ഇട്ട് അമ്മാവൻ പറഞ്ഞു :
‘മക്കളേ , അളിയൻ പോയി!’
അമ്മാവൻ പറഞ്ഞതെന്താണെന്ന് ഞങ്ങൾക്ക് മനസില്ലായില്ല. അളിയൻ എന്ന് പറഞ്ഞത് ഞങ്ങളുടെ ചാച്ചനെ കുറിച്ചാണെന്ന് മാത്രം അറിയാം . എന്താണ് ചാച്ചൻ പോയെന്നു പറഞ്ഞത്? ചാച്ചൻ മെഡിക്കൽ കോളേജിൽ തലവേദനയായി കിടക്കുകയാണല്ലോ. ഇന്നലെ ഞാനും പെങ്ങളും ചാച്ചനെ കാണാൻ കോട്ടയത്തെ ഹോസ്പിറ്റലിൽ പോയതും ചാച്ചന്‍റെ കൂടെ മോഡേണ്‍ ബ്രെഡ് നല്ല ചൂടുള്ള പാലിൽ മുക്കി കഴിച്ചതുമല്ലേ.
ചാച്ചനെ കണ്ടപ്പോൾ പള്ളിയിൽ ഓശാന ഞായറാഴ്ച കണ്ട യേശുവിന്‍റെ ചിത്രമാണ് ഓർമയിൽ വന്നത്. ചാച്ചന്‍റെ മുഖത്തും താടിയിലും അതുപോലെ രോമങ്ങൾ നിറഞ്ഞിരിക്കുന്നു. കട്ടിലിന്‍റെ തലയ്ക്കൽ തലയിണ പൊക്കി വച്ചിരുന്നപ്പോൾ ദൃശ്യമായത് യേശുരാജാവിന്‍റെ സൌമ്യതയും ചെറു പുഞ്ചിരിയും. പക്ഷെ എന്തോ വേദന കടിച്ചമർത്തുന്നതുപോലെ തോന്നി. ചാച്ചന്‍റെ നെറ്റിയിലെ വിയർപ്പുതുള്ളികൾക്ക് ചുവപ്പു നിറമായിരുന്നു. മുറിയിൽ നിന്നിറങ്ങിയ സമയത്ത് ചാച്ചൻ എന്‍റെ തലയിൽ തലോടി. ഉയിർപ്പുതിരുനാളു കഴിഞ്ഞ് അവരെ വീണ്ടും കൊണ്ടുവരാമെന്നു അമ്മച്ചി ചാച്ചനോടു പറയുന്നത് ഞങ്ങൾ കേട്ടതുമാണല്ലോ. പിന്നെന്തിന്, എവിടെ ചാച്ചൻ പോയി? എന്തിനാണ് അമ്മാവന്‍റെ കണ്ണുകൾ നിറഞ്ഞതും അമ്മായി തേങ്ങ ചുരണ്ടൽ എല്ലാം നിർത്തി കട്ടിലിലേക്ക് ചാഞ്ഞതും? എനിക്കൊന്നും മനസില്ലായില്ല. എനിക്കും പെങ്ങൾക്കും എന്ത് സംശയമുണ്ടെങ്കിലും അത് പരിഹരിച്ചു തരുന്ന അനിലചേച്ചിയുടെ അടുത്തേക്ക് ഞങ്ങൾ നീങ്ങി. എനിക്ക് അന്ന് അഞ്ചു വയസ്സ്. എന്‍റെ പെങ്ങൾക്ക് ആറും, അനിലചേച്ചിക്ക് ഏഴും വയസ്സ്. പക്ഷെ അനിലചേച്ചിക്ക് അറിയാത്ത ഒരു കാര്യവും ലോകത്തിലില്ല എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ചാച്ചൻ മരിച്ചു പോയി എന്ന് അനിലചേച്ചി എന്നോടും പെങ്ങളോടും പറഞ്ഞു. എന്നിട്ട്, അമ്മാവനും അമ്മായിയും ചെയ്തതുപോലെ കരയുവാൻ തുടങ്ങി. ഞങ്ങളും കരയുവാൻ തുടങ്ങി. മരണത്തിന്‍റെയും വേർപാടിന്‍റെയും പൊരുളും നഷ്ടവും ലേശവും മനസിലാകാതെ.
ദു:ഖവെള്ളി
എറണാകുളത്തുള്ള വലിയ അമ്മായിയുടെ കറുത്ത അംബാസഡർ കാറിന്‍റെ പിൻസീറ്റിൽ അമ്മച്ചി അർത്ഥബോധാവസ്ഥയിൽ കിടക്കുമ്പോൾ ,ചാച്ചന്റെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെളുത്ത ഷൂസും, മനോഹരമായി തയ്യാറാക്കിയ വെളുത്ത 'മുൾമുടിയും' വെള്ള ഷർട്ടും എല്ലാമിട്ടു കൈയിൽ കുരിശും കൊന്തയും പിടിച്ചുള്ള ചാച്ചന്‍റെ കിടപ്പ് എന്ത് സുന്ദരമായിരുന്നു. (പിന്നീട് എത്രയോ തവണ ഞാൻ അങ്ങനെയൊരു കിടപ്പ് മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ട്! എല്ലാവരും എന്നെ പെട്ടിയിലാക്കി എടുത്തുകൊണ്ടു പോകുന്നതും ഞാനും ചാച്ചനെ പോലെ നല്ല സുന്ദരനായി അതിൽ കിടക്കുന്നതും!) മുപ്പത്തിമൂന്നു വർഷത്തെ രഹസ്യ ജീവിതവും പരസ്യ ജീവിതവും പീഡാസഹനവും പൂർത്തിയാക്കിയ ശേഷം ചാച്ചൻ എങ്ങോട്ടു പോയി?
അമ്മാവന്മാർ എന്നെ മാറി മാറി തോളിൽ എടുത്തുനിന്നു. അവിടെ കൂടിയ എല്ലാവരും എന്നെ നോക്കി എന്തിന്നാണ് കരയുന്നത്? അവർ ചാച്ചനെ നോക്കിയല്ലേ കരയേണ്ടത്? എല്ലായിടത്തും സാംബ്രാണി തിരികളുടെ മണം. അഗർബത്തികളുടെ മണം അന്നുമുതൽ ഞാനും പെങ്ങളും അമ്മയും പൂർണമായും വെറുത്തു. അതിന്‍റെ മണത്തിൽനിന്ന് ഓടിയകലുവാൻ ഞങ്ങൾ വെമ്പി. ദു:ഖവേള്ളിയാഴ്ചകളിലെ കുർബാനകളിൽനിന്നും!
ഉയിർപ്പുഞായറാഴ്ച
ദു:ഖവേള്ളിയാഴ്ചകളെ വെറുത്ത ഞാനും പെങ്ങളും അമ്മയും ഉയിർപ്പുഞായറാഴ്ചകളെ ഒരിക്കലും വെറുത്തില്ല. കുരിശിൽ മരിച്ച യേശുവിന്‍റെ രൂപത്തിന് മുമ്പിൽ ഞങ്ങളും പ്രത്യാശയോടെ നിന്നു.
‘പുനരുദ്ധാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’ അച്ചൻ വചനം ഉറക്കെ വായിച്ചു. അപ്പോൾ മുതൽ ഞാൻ ആ പ്രതീക്ഷയിലാണ്. എന്നാണ് ചാച്ചന്‍റെ ഉയിത്തെഴുന്നേൽപ്പ്?
ചാച്ചൻ പോയിട്ട് ദിവസങ്ങളായി. പെങ്ങളുടെ വേദപാഠ പുസ്തകത്തിലെ യേശു ഉയിർപ്പിച്ച ലാസറിന്‍റെ ചിത്രത്തിലേക്ക് ഞാൻ കൌതുകത്തോടെ നോക്കി. ലാസറിനെ ഉയിർപ്പിച്ച യേശുവിനു തീർച്ചയായും ചാച്ചനെയും തിരികെ കൊണ്ടുവരാൻ പറ്റും.
ഉയിർപ്പുകാലം
ചാച്ചനെ കല്ലറയിലേക്ക് വെച്ച അതേ അച്ചൻ വീണ്ടും വായിക്കുന്നു. ‘എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ മദ്ധ്യേ അവിടുന്ന് പ്രത്യക്ഷനായി ’. എന്നെങ്കിലുമൊരു ദിവസം തീർച്ചയായും ചാച്ചനും വരും. ഞങ്ങളെ കാണാതിരിക്കാൻ ചാച്ചനു സാധിക്കുമോ?
എല്ലാ ഞായറാഴ്ചകളിലും എന്‍റെ ദൃഷ്ടികൾ പള്ളിയുടെ അൾത്താരയുടെ മുകളിൽ ആയിരിന്നു. അവിടെ ഇങ്ങനെ എഴുതിയിരുന്നു . 'ഇത് ദൈവത്തിന്‍റെ ഭവനവും സ്വർഗത്തിലേക്കുള്ള വാതിലുമാകുന്നു’. ഇതെഴുതിയിരിക്കുന്ന സ്ഥലത്തിന്‍റെ ഇരുവശങ്ങളിലും രണ്ടു വാതിൽ ഉണ്ട്. എന്‍റെ നോട്ടം അങ്ങോട്ടായിരുന്നു . അത് സ്വർഗത്തിലേക്കുള്ള വാതിലാണെങ്കിൽ തീർച്ചയായും ചാച്ചൻ അതിന്‍റെ അകത്തുണ്ടായിരിക്കും. എപ്പോഴെങ്കിലും ഒരിക്കൽ വാതിൽക്കൽ വന്നു താഴേക്ക് നോക്കാതിരിക്കില്ല. പക്ഷെ ഒരിക്കൽപോലും ചാച്ചൻ വാതിൽക്കൽ വന്നു താഴോട്ട് എത്തിനോക്കിയില്ല. മാലാഖമാരോടും ഈശോയോടുമോത്തു നല്ല സന്തോഷത്തിൽ കഴിയുന്ന ചാച്ചൻ ഞങ്ങളെയൊക്കെ മറന്നോ? വെള്ളക്കടലാസിൽ വൃത്തിയായി എഴുതി മണ്ണിൽ കുഴിച്ചിട്ട ഒരു കത്തുപോലും ചാച്ചനു കിട്ടിയില്ലേ?
ഞാൻ കാത്തിരിന്നു, ആ കാഹള നാദത്തിനായി! ഉറങ്ങുന്ന ചാച്ചൻ ഉണരാൻ വേണ്ടി.
Sibichen K Mathew
(Read English version: A ten year old’s Holy Week memoirs)
(Malayalam version was originally published in Manorama Online)
*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+
ബലി
Photo: pristineshadow.wordpress.com
നിന്‍റെ കണ്ണിലെ തിളക്കം
എന്‍റെ ഇരുട്ടിന്‍റെ അന്ത്യം
ഉയിര്‍ത്തെഴുനേറ്റപ്പോള്‍
നീയൊരു ചാരം
© Sibichen K Mathew
*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+
നോവ്
കഥ
പ്രിയപെട്ട സുഹൃത്തേ
ഞാന്‍ വീണ്ടും ഒരു കഥ എഴുതാമെന്ന് വിചാരിച്ചു. അതെ, വളരെ നാളുകള്‍ക്കു ശേഷം. നീയാണല്ലോ എന്‍റെ എല്ലാ കഥകളുടെയും ആദ്യ വായനക്കാരി. ഞാന്‍ ഓര്‍ക്കുന്നു. വായിച്ചതിനു ശേഷമുള്ള നിന്‍റെ നീണ്ട മൌനം. നിന്നെ ഞാന്‍ എപ്പോഴൊക്കെ വെറുത്തിട്ടുണ്ടോ അതെല്ലാം എന്‍റെ കൈയെഴുത്തു പ്രതിയും വച്ച് എന്‍റെ ക്ഷമ നീ പരീക്ഷിച്ച നിമിഷങ്ങളിലാണ്. നിന്നെക്കുറിച്ചാകട്ടേ ഈ കഥ?
ഒരു കഥയെഴുതുവാനുള്ള മൂഡ് എങ്ങനെയെനിക്ക് ഇപ്പോള്‍ ഉണ്ടായി എന്നു നീ അദ്ഭുതപ്പെടുന്നുണ്ടാവും. മൂഡിന്‍റെ പേരുപറഞ്ഞ് പൂര്‍ത്തിയാക്കാതെ വലിച്ചെറിഞ്ഞ എന്‍റെ കഥകള്‍ കണ്ടിട്ട് എന്നോട് ‘ഗെറ്റ് ലോസ്റ്റ്’ എന്നു പറഞ്ഞ നീ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും ഞാന്‍ ഇതാ വേറൊരു കുറ്റകൃത്യത്തിനു മുതിരുന്നു എന്ന്‍. നിന്‍റെ വാക്കുകള്‍ ഞാന്‍ മറന്നിട്ടില്ല: ‘നല്ല ഒരു കഥ പാതി വഴിക്ക് വലിച്ചെറിയുന്ന നീയും, ഗര്‍ഭചിദ്രം ചെയ്യുന്ന സ്ത്രീയും തമ്മില്‍ എന്താ വിത്യാസം?’ എനിക്ക് ഒരിക്കലും ദഹിക്കാത്ത നിന്‍റെ അതിശയോക്തി കലര്‍ന്ന ക്രൂരമായ താരാതമ്യം!
ഈ കഥ എന്‍റെ പഴയ കഥകളില്‍നിന്നും വേറിട്ട വഴിയിലുള്ളതാണ്. എന്‍റെ മനസിന്‍റെ അഗാധതലങ്ങളിലെവിടെയോ നിര്‍ജീവമായികിടന്ന ഏതാനും ഓര്‍മശകലങ്ങളില്‍ ചാലിച്ച കഥയാണിത്. ആദ്യമേതന്നെ വൈരുദ്ധ്യം കടന്നുകൂടിയതായി നീ ഇപ്പോള്‍ വിമര്‍ശിക്കുന്നുണ്ടാവും. നിന്നെ കുറിച്ചുള്ള കഥയില്‍ എങ്ങനെ എന്‍റെ ഓര്‍മ്മകള്‍ക്ക് പ്രസക്തിയല്ലേ? നിന്‍റെ പാട്ടുകളെക്കുറിച്ച് ഞാനും എന്‍റെ കഥകളെകുറിച്ചും നീയും ഓര്‍ക്കുകയും സംസാരിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും നമ്മുക്ക് രണ്ടുപേര്‍ക്കും തമ്മില്‍ വലിയ ഒരു അപരിചിതത്വം ഉണ്ടായിരുന്നു.
ഒരു നിലക്കണ്ണാടിയുടെ മുമ്പിലിരുന്നാണ് ഞാന്‍ ഈ വരികള്‍ കുത്തികുറിക്കുന്നത്. അലസമായി വളരുന്ന താടിരോമത്തിലും തടവി കണ്ണാടിയില്‍ കാണുന്ന കുഴിഞ്ഞ കണ്ണുകള്‍ക്കുള്ളിലേക്ക് ഊഴ്ന്നിറങ്ങുമ്പോള്‍ ഭൂതകാലം കൂടുതല്‍ സ്പഷ്ടം. മാര്‍ക്സും നീഷ്ചയും ഫിനോമിനോളജിയും എമ്പിരിസിസവും അടങ്ങിയ ബൌദ്ധികലോകത്തേക്കാള്‍ എന്തുകൊണ്ടും ഹൃദയസ്പര്‍ശിയാണ് ഓര്‍മകളുടെ ലോകത്തേക്ക് ഒരു തിരിഞ്ഞുനോട്ടം.
എന്‍റെ കൂട്ടുകാരന്‍ സിനിമക്ക് പോയിരിക്കുകയാണ്. അവന്‍ തിരികെ വരും മുമ്പ് ഇത് എഴുതിത്തീരുമെന്ന് തോന്നുന്നില്ല. ഓരോ ചെപ്പു തുറക്കുമ്പോഴും കുറെയേറെ കഥകള്‍ക്കും ഉപകഥകള്‍ക്കുമുള്ള വിഷയങ്ങള്‍ വരുന്നു. ചില ഓര്‍മ്മകള്‍ എഴുതിയത് തന്നെ വലിച്ചെറിയാനുള്ള പ്രകോപനവും ഉണ്ടാക്കുന്നു.
പതിവായി അവനോടൊപ്പം സിനിമക്ക് പോകാറുള്ള ഞാന്‍ ഇന്ന് ഇതെഴുതുവാനായി മനപൂര്‍വ്വം ഇരുന്നതല്ല. പബ്ലിക് ലൈബ്രറിയില്‍ പോയി എന്തെങ്കിലും വാരികകള്‍ മറിച്ചുനോക്കാനുള്ള ഒരു ആഗ്രഹം എന്തുകൊണ്ടോ ഇന്ന് തോന്നി. ലൈബ്രറിയിലെ പുസ്തകങ്ങളുടെയും പത്രമാസികകളുടെയും മണം എനിക്കെന്നും ഒരു ലഹരിയാണല്ലോ. ജീവിത യാഥാര്‍ദ്ധ്യങ്ങളില്‍നിന്ന്‍ ഒരു ഒളിച്ചോട്ടവും.
ഒഴിവുദിവസങ്ങളില്‍പോലും പലപ്പോഴും ലൈബ്രറി നിനക്കും ഒരു അഭയകേന്ദ്രമായിരുന്നല്ലോ. ഞങ്ങളെല്ലാം നാരായണേട്ടന്‍റെ കാന്‍ടീനില്‍ കയറി ചൂടുള്ള മസാല ദോശ കഴിക്കുമ്പോള്‍ കൂടെ വരാതെ തനിയെ ഇരുന്ന് വീട്ടില്‍ നിന്നു കൊണ്ടുവന്ന തണുത്ത ഉപ്പ്‌മാ കഴിക്കുന്നത് നിന്‍റെ ശീലമായിരുന്നു. ഇതാണ് ചെപ്പു തുറന്നാലുള്ള കുഴപ്പം. ആവശ്യമില്ലാത്ത പല ഓര്‍മ്മകളും അനുവാദമില്ലാതെ കുടിയിരിക്കാന്‍ വരും.
പേജുകള്‍ പലത് മറിച്ചെങ്കിലും ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല. പുറത്തേക്കു നടന്നു.
വഴിയരികിലെ ഗണപതി ക്ഷേത്രത്തിന്‍റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നവരെ കണ്ടു. എന്തോ എനിക്കും ഒന്നു കയറി തൊഴാന്‍ തോന്നി. ഞാനും ഒരു വിശ്വാസി ആയോ? ദാസ് കാപ്പിറ്റല്‍ വായിച്ചുകൊണ്ടിരുന്ന നിന്നോട് “ആദ്യം നിന്‍റെ നെറ്റിയിലെ കുറിയും കൈയിലെ മന്ത്രചരടും എറിഞ്ഞു കള. ആ വിശുദ്ധ ഗ്രന്ഥത്തിന്‍റെ പാവനത നീ കളയാതെ” എന്ന് ലൈബ്രറിയില്‍ നിന്നോട് അട്ടഹസിച്ച ഞാനാണോ ഇത്? നാട്ടിലെ ഗണപതിക്ഷേത്രത്തില്‍ പതിവായി പോയി വരുന്ന അമ്മ നെറ്റിയില്‍ കുറിയിടുമ്പോള്‍ ഞൊടിയിടയില്‍ പുച്ഛത്തോടെ മായ്ച് കളഞ്ഞിരുന്ന ഞാന്‍ കൈകൂപ്പി അവിടെ നിന്നു. എനിക്കിന്നെന്തുപറ്റി?
ഇന്നലെ രാത്രി എനിക്കല്പം പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പല പരിചിത രൂപങ്ങളും വളരെ കാലങ്ങള്‍ക്കുശേഷം മനസ്സിലേക്ക് വന്നു. ഞാന്‍ അവരോടൊത്ത് വളരെയേറെ പിന്നോട്ടും അതിലേറെ ദൂരത്തേക്കും പോയി. ഞാന്‍ ഒരിക്കലും കാണാതിരുന്ന കാഴ്ച്ചകളിലേക്കും കേള്‍ക്കാന്‍ ചെവി കൊടുക്കാതിരുന്ന കാര്യങ്ങളിലേക്കും അവര്‍ എന്നെ കൊണ്ടുപോയി. പുതിയ കഥകള്‍ക്ക് നിരവധി വിഷയങ്ങള്‍. ഈ സ്വപ്നാടനത്തിന്‍റെ കാരണക്കാരന്‍ ആരായിരുന്നു എന്നറിയാമോ?
ഇന്നലെ വൈകുന്നേരം പതിവില്ലാതെ ശക്തമായ മഴ പെയ്തു. മണിക്കൂറുകളോളം നീണ്ട മഴ. ഓരോ തുള്ളിയും ഒരു കുടം എന്നു പറയും പോലെ. തണുത്ത കാറ്റും. എങ്ങും പോകാതെ വെറുതെ മുറിയില്‍ തനിയെ ഇരുന്നു. എന്നും കഴിക്കാറുള്ള സുഖ്പാലിന്‍റെ കടയിലെ സ്പെഷ്യല്‍ മസാല ചായ കുടിക്കാന്‍ പറ്റാഞ്ഞതുകൊണ്ടാകണം പതുക്കെ ഉറക്കം വന്നു തുടങ്ങി. പെട്ടിയില്‍നിന്നു നേര്‍ത്ത കമ്പിളി പൊടികുടഞ്ഞെടുത്തു പുതച്ചപ്പോള്‍ ഉറക്കം കേമമായി. അപ്പോഴാണ് വാതില്കല്‍ ആരോ വീണ്ടും വീണ്ടും മുട്ടിയത്. സെക്യൂരിറ്റി ഗാര്‍ഡ് ഭീമിന്‍റെ ശബ്ദവും. ഞാന്‍ എഴുനേറ്റ് വാതില്‍ തുറന്നു. ഭീമിന്‍റെ കൂടെ വേറൊരാളും നില്ക്കുന്നു. നനഞ്ഞു കുളിച്ച്, തലയിലും ദേഹത്തും പുതപ്പ് പുതച്ചയാള്‍. ഭീം വളരെ ഉത്സാഹത്തോടും സന്തോഷത്തോടും പറഞ്ഞു: ‘സര്ജീ, ആപ്കാ ദോസ്ത്’.
‘എന്‍റെ ദോസ്തോ?’ എനിക്കറിയാത്ത ഏതു ദോസ്തിനെയാണ് ഇവന്‍ കൊണ്ടുവരുന്നത്. ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. എന്തൊരു പ്രാകൃത രൂപം! ആരെങ്കിലും പുതപ്പും പുതച്ചു ഈ നഗരത്തിലുടെ നടക്കുമോ? നല്ലയൊരു സ്വെറ്റര്‍ ഇടാനുള്ള വിവേകവും വാങ്ങാനുള്ള കാശും ഇല്ലാത്ത ഏതു സുഹൃത്താണ് എനിക്കുള്ളത്?
“എന്നേ മനസിലായില്ലേടെ കഴുതേ?” അയാള്‍ ഭീമിന്‍റെ മുമ്പില്‍ വെച്ച് ആക്രോശിച്ചത് എനിക്കൊട്ടും ഇഷ്ടപെട്ടില്ല.
അവന്‍ പതുക്കെ പുതപ്പ് തലയില്‍ നിന്നു മാറ്റി. എന്‍റെ മുഖത്തെ ഭാവം കണ്ടിട്ടാകണം അവന്‍ അല്പം മയത്തില്‍ പറഞ്ഞു. “ഇത് ഞാനാടാ, സുദേവന്‍.” എന്നെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ അവന്‍ കൂട്ടിച്ചേര്‍ത്തു: “ഗുരുവായൂരപ്പന്‍ കോളേജിലെ”. അതു പറഞ്ഞ ഉടനെതന്നെ എന്‍റെ തലയില്‍ ഓര്‍മ്മകള്‍ മിന്നി. എടാ സുദേവാ എന്നു വിളിച്ചു ഞാന്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്ന അവനെ കെട്ടിപിടിച്ചു. ‘സോറി ഡാ. നീ വളരെ മാറിയല്ലോ’. പറഞ്ഞു കൊണ്ട് ഞാന്‍ അവനെ മുറിയിലേക്ക് കൊണ്ടുപോയി.
മണിക്കൂറുകളോളം അവന്‍ അവന്‍റെ കാര്യങ്ങളും ഞാന്‍ എന്‍റെ കാര്യങ്ങളും പറഞ്ഞു. അവന്‍ കട്ടിലില്‍ പില്ലോ മതിലില്‍ ചാരി വച്ച് കിടന്നാണ് സംസാരിച്ചത്. ഞാന്‍ കസേര അവന്‍റെ അടുത്തേക്ക് നീക്കിയിട്ടും. എത്ര വര്‍ഷത്തെ പറയാത്തതും അറിയാത്തതുമായുള്ള വിശേഷങ്ങള്‍! അവന്‍ അന്ന് തന്നെ തിരിച്ചു പോകണമെന്ന് ധൃതി. സുഖമില്ലാതായ അവന്‍റെ ആന്‍റിയെ നാട്ടിലേക്ക് ആയുര്‍വേദ ചികിത്സക്ക് കൊണ്ടുപോകാന്‍ വന്നതാണ്. പിറ്റേ ദിവസത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. എന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ എന്‍റെ സ്കൂട്ടറില്‍ അടുത്തുള്ള ദക്ഷിന്‍ റെസ്റ്റോറന്ടിലേക്ക് പോയി.
ചൂടുള്ള ബട്ടൂര കഴിക്കുന്നതിനിടയിലാണ് അവനതു പറഞ്ഞത്. അതിനു ശേഷം എനിക്കൊന്നും കഴിക്കാനായില്ല.
“ഞാന്‍ വിചാരിച്ചത് സുഹൃത്തുക്കള്‍ എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമെന്നാണ്”.
“നീ ഓര്‍ക്കുന്നുണ്ടോ? നമ്മളെല്ലാവരും ഒരുമിച്ചല്ലേ അവളുടെ വിവാഹത്തിന് പോയത്?” ഞാന്‍ ചോദിച്ചു.
“ അതേ. നമ്മളെല്ലാവരും കുടി ഒരുമിച്ച് പോയി കൂടുകയും, പാടുകയും, ആഘോഷിക്കുകയും ചെയ്ത ആദ്യത്തെയും അവസാനത്തെയും വിവാഹം. ഇനി അങ്ങനൊന്നുണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഇപ്പോഴാര്‍ക്ക് ആരെ നേരിട്ടു കാണണം? എല്ലാവര്‍ക്കും മെയ്യനങ്ങാത്ത കുറുക്കുവഴികള്‍ അല്ലേ ഇഷ്ടം”
അവന്‍ പറഞ്ഞത് എത്രയോ ശരിയാണ്. അവന്‍ അന്നും ഇന്നും ഒരു വികാരജീവി തന്നെയാണ്.
ഞാന്‍ ചോദിച്ചു. “നീയും അവളും എത്ര യുഗ്മഗാനങ്ങളാണ് ആര്‍ട്ട്‌സ് ആന്‍ഡ് ടാലെന്‍ട്സ് ഡേ കളില്‍ പാടിയത്. അവളുടെ വിവാഹം കഴിഞ്ഞ് തിരികെ ബസില്‍ വരുമ്പോള്‍ എല്ലാവരും ഒന്നായ് പാടിയത് നീ ഓര്‍ക്കുന്നുണ്ടോ: ‘നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ....’. അതു കേട്ടു നീ ചിരിച്ചു”. പക്ഷേ ചിലരെങ്കിലും മനസ്സില്‍ തേങ്ങിയിട്ടുണ്ടാവണം.
സുദേവന്‍ തുടര്‍ന്നു: “അവള്‍ക്കെന്തുകൊണ്ടും ചേരുന്ന ഒരു ബന്ധമായിരുന്നത്. സുമുഖന്‍. ബോംബെയില്‍ എഞ്ചിനീയര്‍. അകന്ന ബന്ധു. ഏക മകന്‍”.
“അവള്‍ ഭാഗ്യവതി തന്നെ”. എല്ലാ പെണ്‍ സുഹൃത്തുകളും അന്ന് ബസില്‍ ആണയിട്ടു. ‘അവളുടെ പ്രാര്‍ത്ഥനയാണ്’, ക്ലാസ്സിലെ ഒരേയൊരു ഭക്തനായ ആണ്‍കുട്ടി കൃഷ്ണന്‍ അവരെ ഓര്‍മിപ്പിച്ചു. ‘കണ്ടു പഠിക്ക്’, ഒരു താക്കീതും. കൃഷ്ണന്‍ ഒരു ഗുരുസാമിയാണ്. ചെറുപ്പം മുതല്‍ ഒരു വര്‍ഷം പോലും തെറ്റാതെ ഇരുമുടികെട്ടും ഏന്തി പതിനെട്ടാം പടി കടക്കുന്നവന്‍. ദൈവവിശ്വാസമില്ലാത്ത ഞാനുള്‍പ്പടെയുള്ള എല്ലാ കമ്മ്യൂണിസ്റ്റുകളും, നിരീശ്വരവാദികളും, മദ്രസയിലെ പ്രധാനിയായ മൌലവിയുടെ മകന്‍ അബൂബക്കറും കൃഷ്ണന്‍ കൊണ്ടുവരുന്ന മധുരമുള്ള അരവണ പ്രസാദത്തിനായി കടിപിടി കൂടുമായിരുന്നു.
എന്‍റെ മനസിലേക്ക് ഒരു വലിയ ഭാരം ഇറക്കിവെച്ചിട്ടു സുദേവന്‍ ആശ്വാസത്തോടെ ഇരുട്ടിലേക്ക്നടന്നു നീങ്ങി.
ഗണപതിക്ഷേത്രത്തില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മയുടെ ഓര്‍മ്മകള്‍ മനസ്സിനെ നിറച്ചു. അമ്മയെപ്പോലെ ആയതുപോലെ തോന്നി. അമ്മയുടെ മുഖഭാവം. അമ്മയുടെ നടപ്പ്. അമ്മ തൊട്ടതുപോലെ ഞാന്‍ എന്‍റെ നെറ്റിയില്‍ കുറി തൊട്ടതുകൊണ്ടാണോ? അറിയില്ല. പലപ്പോഴും നമ്മുടെ വേണ്ടപെട്ടവര്‍ക്ക് ഇഷ്ടമായത് നമ്മള്‍ ചെയ്യുന്നത് അവര്‍ നമ്മില്‍ നിന്ന് മറഞ്ഞു പോയതിനുശേഷം ആണല്ലോ. ഞാന്‍ ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ തീര്‍ച്ചയായും ന്നിന്നെപോലെ ഈറനണിഞ്ഞ മുടിയില്‍ തുളസിക്കതിരും ചൂടുമായിരുന്നു.
എന്നെ ഇത്രയ്ക്ക് മാറ്റിമറിക്കാന്‍ സുദേവന്‍ കൊണ്ടുവന്ന വാര്‍ത്തക്ക് എങ്ങനെ സാധിച്ചു? മനസിന്‍റെ ഉള്ളില്‍ എവിടെയോ ഒരു വേദന. എത്ര ശ്രമിച്ചിട്ടും ആ അസ്വസ്ഥത മറന്നില്ലല്ലോ. ഒരു മൂളിപ്പാട്ട് പാടി വേദനയെ മറക്കാന്‍ പറ്റുമോ? ഒരിക്കല്‍ നീയും സുദേവനും സ്റ്റേജില്‍ പാടി പുറത്തേക്കുവന്നപ്പോള്‍ കാതടിപ്പിക്കുന്ന ഹര്‍ഷാരവത്തിനിടയില്‍ ഞാന്‍ നിങ്ങളോടു രണ്ടുപേരോടും ചോദിച്ചത് സുദേവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. “എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്രയ്ക്കു മധുരമായി പാടാന്‍ കഴിയുന്നത്?”. നീയും കേട്ടില്ലെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ നീ പെട്ടെന്ന് തിരിഞ്ഞ് എന്‍റെ അടുത്തുവന്നു ചെവിയോടു ചേര്‍ന്ന് കവി വാക്യം പാടി: “നോവു തിന്നും കരളിനേ പാടുവാനാകൂ കര്‍ണമധുരമായ് ആര്‍ദ്രമായ്”. ഉത്തരത്തിന്‍റെ മനോഹാരിതയാണ് ഞാനന്നാസ്വദിച്ചത്. വരികളില്‍ ഒളിഞ്ഞു കിടന്ന യാഥാര്‍ത്ഥ്യം എനിക്കന്യമായിരുന്നു.
ഞാന്‍ ഇന്ന് ലജ്ജിക്കുന്നു. നീ എന്‍റെ സുഹൃത്താണെന്ന് ഇത്രയും നാള്‍ കരുതിയതില്‍. ഞാന്‍ ഒരു സ്വാര്‍ത്ഥനായിരുന്നു. നീ എനിക്ക് എന്‍റെ കൈയെഴുത്തുപ്രതികള്‍ വായിച്ചുനോക്കുന്ന പ്രൂഫ് റീഡര്‍ മാത്രമായിരുന്നു. എന്തേ ഞാന്‍ നിന്നിലെ നീയെ കണ്ടില്ല? നിന്‍റെ തമാശകളാല്‍ നീ മറച്ച നിന്‍റെ വേദനകളും, നിന്‍റെ പാട്ടുകളുടെ ഉള്ളിലെ രോദനങ്ങളും, നിന്‍റെ ഗോള്‍ഡ് മെഡലുകളുടെ പിന്നിലെ കണ്ണുനീര്‍തുള്ളികളും എന്തേ എനിക്ക് മനസ്സിലാക്കാന്‍ കഴിയാതിരുന്നത്. സുഹൃത്താണ് പോലും സുഹൃത്ത്!
സ്റ്റഡി ടൂറുകളും, നഗരങ്ങളിലേക്കുള്ള ഇന്‍ഡസ്ട്ര്രി വിസിറ്റും മറ്റും ഉള്ളപ്പോളെല്ലാം നിന്‍റെ അമ്മയ്ക്ക് സുഖമില്ലെന്ന് നീ പ്രൊഫസ്സറോട് പറഞ്ഞു. ഫീസ് കൊടുക്കേണ്ട അവസാന തീയതി എപ്പോഴും മറന്നിരുന്ന നീ, നിന്‍റെ മറവി രോഗത്തെ പഴിച്ചുകൊണ്ടിരുന്നു. “വൈ ആര്‍ യു സൊ കെയര്‍ലെസ് സംടൈംസ്?” ഞങ്ങള്‍ നിന്നോട് ചോദിച്ചു. ബാല്യകാലത്തിലേ അച്ഛനെ നഷ്ടപ്പെട്ട നീയും അമ്മയും നിന്‍റെ അമ്മാവന്‍റെ ആശ്രയത്വത്തില്‍ ആയിരുന്നെന്നും നിങ്ങള്‍ ചെന്നതിനു ശേഷം അവര്‍ക്ക് വേറെ വാല്യക്കാരുടെ ആവശ്യം വേണ്ടിവന്നില്ലെന്നും സുദേവന്‍ പറയാതെ ഞാന്‍ മെനഞ്ഞെടുത്ത ഉപകഥ.
എല്ലാ വേദനകളും അടക്കിവെച്ചു ചിരിച്ചും ഉല്ലസിച്ചും പാടു പാടിയും കഴിഞ്ഞ നീ കൂട്ടുകാരില്ലാത്തവര്‍ക്ക് കൂട്ടുകാരിയും, മനോവിഷമം ഉള്ളവര്‍ക്ക് സഹായിയും, ഭീരുകള്‍ക്കും നിരാശിതര്‍ക്കും ധൈര്യവും ആയിരുന്നല്ലോ. ഞാനെങ്ങനെ സുദേവന്‍ പറഞ്ഞത് വിശ്വസിക്കും? ബോറിവലിയിലെ ഫ്ലാറ്റില്‍ ഒരു സാരിത്തുമ്പില്‍ ത്യജിക്കാന്‍ മാത്രം വില കേട്ടുപോയിരുന്നോ നിന്‍റെ മനസും ശരീരവും? എപ്പോഴാണ് സുഹൃത്തേ നിനക്ക് വേദനകളും അവഗണനകളും താങ്ങാവുന്നതിലും അധികമായത്? പ്രസാദാത്മകത്വത്തിന്‍റെ ശക്തമായ വക്താവായിരുന്ന നിനക്ക് നിന്നെ തന്നെ രക്ഷിക്കാന്‍ ആവാത്ത ആ സ്ഥിതിയിലെത്തിച്ചത് ആരാണ്? എന്താണ്?
ജീവിതം ആകെ വൈരുദ്ധ്യം നിറഞ്ഞതുതന്നെ. അല്ലെങ്കില്‍ ദൈവമെന്ന സങ്കല്പത്തെ ഏറ്റവും വെറുക്കേണ്ട ഈ സമയത്ത് അവിശ്വാസിയായ ഞാന്‍ എന്തിന് ക്ഷേത്രത്തില്‍ പോയി തൊഴുതു? എന്തിനു ഞാന്‍ എന്‍റെ നെറ്റിയില്‍ കുറി തൊട്ടു?
എനിക്കൊന്നും കൂടുതല്‍ എഴുതാന്‍ കഴിയുന്നില്ല. കണ്ട സിനിമയിലെ പാട്ടും മൂളികൊണ്ട് കൂട്ടുകാരന്‍ എത്തികഴിഞ്ഞു.
ഞാന്‍ നിര്‍ത്തട്ടെ.
നീ ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത്?
“എനിക്കറിയാമായിരുന്നു. നീ ഈ കഥ ഒരിക്കലും പൂര്‍ത്തിയാക്കുകയില്ലെന്ന്. ഒരു ജീവന്‍ കുടി ലോകം കാണാതെ മറഞ്ഞു. എനിക്ക് നിന്നെ അറിയില്ലേ. നീയും നിന്‍റെ ഒരു മൂഡും”.
എത്ര ലാഘവത്തോടെ നീ ഇത് പിന്നെയും പറഞ്ഞു. എനിക്ക് നിന്നെ വെറുക്കാന്‍ ഒരു കാരണം കുടി!
സിബിച്ചന്‍ കെ മാത്യു
അഭിപ്രായങ്ങള്‍ താഴെ comment ആയി എഴുതൂ. അല്ലെങ്കില്‍ sibi5555@gmail.com
*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+
(കഥ)
ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ചൂടുള്ള മത്തിക്കറി ചോറുംപാത്രത്തിലേക്ക് ഇട്ടിട്ട് അമ്മ പറഞ്ഞു: ‘ഇനി അമ്പതു നാള്‍ ഇറച്ചിയും മീനും ഒന്നുമില്ല. നാളെ നോയമ്പ് തുടങ്ങും.’
അമ്മയുടെ പറച്ചില്‍ കേട്ടാല്‍ തോന്നും എന്നും ഇവിടെ ഇറച്ചിയും മീനും ആണെന്ന്‍! എനിക്ക്ചിരി വന്നു. എത്ര ദിവസം കൂടിയാണ് ഇന്നല്‍പം മീന്‍ വാങ്ങിയത്. അപ്പന്‍ കിടപ്പിലായതില്‍ പിന്നെ അമ്മയുടെ തൂപ്പുജോലിയില്‍ നിന്ന്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടുചിലവുകള്‍ നടത്തുന്നത്. ബീകോംകാരന്‍ മകന് ബാങ്ക് ഓഫീസര്‍ ജോലി സ്വപ്നം കണ്ട അമ്മയ്ക്ക് അവനെ കൂലിവേലയ്ക്ക് വിടാന്‍ എന്തുകൊണ്ടോ തോന്നുന്നില്ല.
അമ്പതു നോയമ്പ് അമ്മയുടെ ജീവിതഭാരം വളരെ ലഘൂകരിക്കും. ഇനി എന്നും രാവിലെയും വൈകിട്ടും കഞ്ഞിയും മുളക് പൊട്ടിച്ചതും തന്നെ. വല്ലപ്പോഴും ഉണ്ടാക്കുന്ന പയറുകറി ഉണ്ടെങ്കില്‍ കുശാല്‍. രാവിലെ വികാരിയച്ചന്‍ നടത്തിയ ഘോര പ്രസംഗം ഞാന്‍ ഓര്‍ത്തു. ‘കടുത്ത ആത്മനിയന്ത്രണം കൊണ്ട് തീര്‍ച്ചയായും ഈ അമ്പതുനോമ്പുകാലം നിങ്ങള്‍ക്ക് മാംസവര്‍ജനദിവസങ്ങള്‍ ആക്കി മാറ്റാന്‍ കഴിയും’. എന്നും നോയമ്പ് നോക്കുന്ന നമ്മുക്കെന്ത് ആത്മനിയന്ത്രണം?
വിചാരിച്ചതുപോലെതന്നെ അമ്മയുടെ നോമ്പുകാല പദ്ധതികള്‍ നന്നായി പോയി. എപ്പോഴുമുള്ള ഉപവാസങ്ങള്‍ക്കൊരു ആദ്ധ്യാത്മിക പരിവേഷം വന്നു. ഞാനോ അനിയത്തിമാരോ ഒട്ടും പിറുപിറുത്തില്ല. അതുകൊണ്ടാവണം ആഴ്ചയിലെ മുഴുവന്‍നീള ഉപവാസദിനങ്ങളുടെ എണ്ണം അമ്മ ഏകപക്ഷീയമായി കൂട്ടിയത്. എല്ലാവരും നോമ്പ് വീടലിനായി കാത്തിരുന്നപ്പോഴാണ് ചേച്ചിയുടെ പ്രാരാബ്ദ വരവ്. അളിയന്‍ കുടിച്ചു ലക്കുകെട്ട് ബൈക്ക് ഓടിച്ച് എവിടെയോ മറിഞ്ഞു കാലൊടിഞ്ഞത്രേ!
ഈസ്റ്റര്‍ ഘോഷിക്കാന്‍ വെച്ച പണം അമ്മയെടുത്ത് ചേച്ചിക്ക് നല്‍കുമ്പോള്‍ ഞങ്ങളോ അച്ഛനോ ഒന്നും മിണ്ടിയില്ല. ഒരു പ്രശ്നം വന്നാല്‍ ഞങ്ങളല്ലാതെ ആരാണ് ചേച്ചിക്കുള്ളത്. അതുതന്നെയുമല്ല പോക്കിരിയാണ് എന്നറിഞ്ഞിട്ടും സേവ്യര്‍ ചേട്ടനെ കൊണ്ട് നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചതാണ്. ‘അവന്‍ നന്നായിക്കോളും’. എല്ലാവരും പറഞ്ഞു. ചേച്ചിയുടെ സമ്മതം ആര്‍ക്കു വേണം?
എനിക്ക് വിഷമം ഉണ്ടാകും എന്നു കരുതിയാവണം അമ്മ എനിക്ക് ആരും കാണാതെ നൂറു രൂപ തന്നത്. എന്നിട്ടു പറഞ്ഞു: ‘ഞായറാഴ്ച നീ പോയി നിനക്കിഷ്ടമുള്ള ഭക്ഷണം ഹോട്ടലില്‍ പോയി കഴിച്ചോ. ഇത്തവണ നീ പറഞ്ഞപോലെ ബിരിയാണി ഒന്നും ഉണ്ടാക്കാന്‍ നമ്മുക്ക് പൈസയില്ല.’
വേണ്ടെന്നു പറഞ്ഞിട്ടും അമ്മ നിര്‍ബന്ധപൂര്‍വം എന്‍റെ കൈയ്യില്‍ പണം ഏല്പിച്ചു. എന്നിട്ട് പറഞ്ഞു, ‘ബാക്കിയുണ്ടെങ്കില്‍ നീ നിന്‍റെ അനിയത്തിമാര്‍ക്ക് ഐസ് ക്രീം വാങ്ങികൊണ്ടു കൊടുക്ക്’.
ഈസ്റ്റര്‍ ആകാന്‍ ഇനി രണ്ടു നാള്‍ കുടി. ഇന്ന് ദു:ഖ വെള്ളിയാഴ്ച. രാവിലെ മുതല്‍ തുടങ്ങിയ ചടങ്ങുകളാണ് പള്ളിയില്‍. ഒരിക്കലും പള്ളിയില്‍ പോകാത്തവരും ദുഃഖവെള്ളിയാഴ്ച തീര്‍ച്ചയായും പള്ളിയില്‍ വരുമെന്ന്‍അമ്മ പറയാറുണ്ട്. പള്ളിയില്‍ തിങ്ങി നിറഞ്ഞ് ജനം. പുറത്ത് അതിലധികം പേര്‍ കസേരയിലും തിണ്ണയിലും മരച്ചുവട്ടിലും ആകാശത്തേക്ക് നോക്കി ധ്യാനിക്കുന്നു. മണിക്കുറുകള്‍ നീണ്ട ചടങ്ങുകള്‍. ജനം പരാതി പറയാതെ ഇരിക്കാനായി എല്ലാവര്‍ക്കും ഉച്ചക്കഞ്ഞി ക്രമീകരിച്ചിട്ടുണ്ട്.
കഞ്ഞി വിളമ്പാന്‍ ആരംഭിച്ചതോടെ ജനങ്ങള്‍ അങ്ങോട്ട് പായാന്‍ തുടങ്ങി. ഇത്തിരി കഞ്ഞിക്കും പയറിനും വേണ്ടിയുള്ള ഇടി ഒന്ന് കാണേണ്ടതുതന്നെ! എല്ലാവരും കഞ്ഞി ആസ്വദിക്കുമ്പോള്‍ ഞാന്‍ അകലെ മാറി നിന്ന് ബഹളം ആസ്വദിച്ചു. എന്താ ഇതിത്ര രുചിയുള്ളതാണോ? വര്‍ഷം മുഴുവന്‍ കഞ്ഞി കുടിക്കുന്ന എനിക്ക് ആളുകളുടെ ആക്രാന്തം അത്ഭുതമുളവാക്കി. രാവിലെ മുതല്‍ ഒന്നും കഴിക്കാഞ്ഞിട്ടും എനിക്കൊട്ടും വിശപ്പ് തോന്നിയില്ല. എനിക്കിത് പതിവാണല്ലോ! എന്‍റെ കൂടെ പഠിച്ച ലോറന്‍സും അവിടെ കഞ്ഞിക്കായി ഇടിക്കുന്നത് കണ്ടപ്പോള്‍ കൌതുകം തോന്നി. വീട്ടിലെ പുരയിടം കടം കേറി വില്‍ക്കുന്നതു വരെ ഞങ്ങള്‍ക്ക് തേങ്ങയിട്ടു തന്നത് അവന്‍റെ അച്ഛന്‍ അന്ത്രയോസ് ചേട്ടനാണ്. അവനിപ്പോള്‍ താലൂക്ക് ഓഫീസില്‍ ജോലി ചെയ്യുന്നു. എനിക്കില്ലാത്ത പല പരിഗണനകളും അവനുണ്ടല്ലോ! അവന്‍ അകലെ നിന്നെന്നെ കൈ വീശി. അവനിപ്പോള്‍ നല്ല സുമുഖനായിരിക്കുന്നു. പാന്‍റ്സും ഷര്‍ട്ടും ഇന്‍സര്‍ട്ട് ചെയ്തപ്പോള്‍ അവനെ കാണാന്‍ എന്തു ഭംഗി.
മൈതാനത്തിലെ കഞ്ഞികുടി കഴിഞ്ഞ് എല്ലാവരും പള്ളിയിലേക്ക് തിരിച്ചു. അവിടെ കുരിശുരൂപചുംബനത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. അബ്കാരി ദേവസ്യാച്ചന്‍ പുതുതായി സംഭാവന ചെയ്ത മനോഹരമായ കര്‍ത്താവിന്‍റെ കുരിശുരൂപം അച്ചനും കമ്മിറ്റി അംഗങ്ങളും കുടി എടുത്ത് ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് വെച്ചു. തല ഉയര്‍ത്തി ചുറ്റും ഒന്നും പരതിയ അച്ചന്‍ ദേഷ്യത്തോടെ എന്തോ സ്വകാര്യം കപ്യാരോട് പറഞ്ഞു. മൂത്ത കപ്യാര്‍ ഓടി കൊച്ചു കപ്യാരോട് ചെവിയില്‍ എന്തോ പറഞ്ഞു. നൊടിയിടയില്‍ കൊച്ചു കപ്യാര്‍ മദ്ബഹക്ക് പുറകിലേക്കോടി. അതേ വേഗത്തില്‍ രണ്ടു വലിയ ബക്കറ്റുമായി കുരിശുരൂപത്തിന്‍റെ അടുത്തേക്ക് തിരിച്ചെത്തി. വിശ്വാസികള്‍ രൂപം ചുംബിക്കാന്‍ എത്തുന്നതിനുമുമ്പേ രൂപത്തിന്‍റെ രണ്ടു വശത്തും ബക്കറ്റുകള്‍ വെക്കാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യത്തില്‍ കപ്യാര്‍ അച്ചനെ നോക്കി. രണ്ടു കള്ളന്മാര്‍ക്ക് പകരം ഇപ്പോള്‍ രണ്ടു ബക്കറ്റുകള്‍! കള്ള നാണയങ്ങളും നല്ല നാണയങ്ങളും ശേഖരിക്കാന്‍! ഒരിക്കല്‍ ഒരുവന്‍ ചുംബിച്ചു രക്തപറമ്പിനു വില കൊടുത്തു. ഇതാ ഒരു ജനസമൂഹം രക്ഷകന് നന്ദിയുടെ സ്നേഹചുംബനങ്ങള്‍ അര്‍പ്പിക്കാന്‍ ഓടിയണഞ്ഞിരിക്കുന്നു.
Photo: witnesstohope.org
വിശ്വാസികള്‍ അത്മാര്‍ത്ഥത ഉള്ളവരായിരുന്നു. കഞ്ഞി കുടിക്കാന്‍ കാണിച്ച അതേ ഉത്സാഹം അല്പം പോലും കുറയാതെ കുരിശുരൂപം മുത്താനും അവര്‍ കാണിച്ചു. എത്രയും പെട്ടെന്ന് രൂപത്തിന്‍റെ അടുത്തെത്താനും മുത്താനും അവര്‍ പരസ്പരം ഇടിച്ചു. വോളന്‍ടീയര്‍മാരായ പുരുഷകേസരികള്‍ സജീവമായി രംഗത്തുണ്ട്. ഇടി കൂടുതല്‍ സ്ത്രീകളുടെ ഇടയിലായതിനാലാകണം അവരെ നിയന്ത്രിക്കാന്‍ അവര്‍ വേണ്ടത്ര ആവേശം കാണിച്ചു.
വിശ്വാസികള്‍ ഓരോരുത്തരായി വളരെ ഭക്തിയോടെ ചുംബിക്കുന്നത് കണ്ട് മണിക്കൂറുകളോളം കുരിശുരൂപത്തിനു സമീപേ അച്ചന്‍ പ്രാര്‍ത്ഥനാനിരതനായി നിന്നു. മിക്കവാറും എല്ലാ ഇടവക വിശ്വാസികളെയും അച്ചന് നേരിട്ടറിയാം. വിശ്വാസികള്‍ ഓരോരുത്തരായി നേര്‍ച്ചയുമിട്ട് പുറത്തേക്കു പോകുന്നു. എന്‍റെ ഊഴമടുക്കാറായി. എനിക്ക് നെഞ്ചിടിപ്പ് തുടങ്ങി. ഞാന്‍ എന്‍റെ പോക്കറ്റില്‍ തടവി. അമ്മ ഈസ്റ്റര്‍ ദിനത്തില്‍ എനിക്ക് ഹോട്ടലില്‍ നിന്നു കഴിക്കാനായി തന്ന നൂറ് രൂപയല്ലാതെ ഒന്നും എന്‍റെ കൈയ്യിലില്ല. അച്ചന്‍റെ മുഖം കണ്ടതോടെ എന്‍റെ നെഞ്ചിടിപ്പു കൂടി. അച്ചനെന്നെ നന്നായിട്ടറിയാം. കഴിഞ്ഞ തവണ വാര്‍ഡിലെ ഭവനങ്ങള്‍ വെഞ്ചരിച്ചപ്പോള്‍ ഞാനാണ് വഴി കാണിച്ചു കൂടെ പോയത്. അച്ചനെന്തിനാണ് അവിടെത്തന്നെ നില്‍ക്കുന്നത്?
അനിയത്തിയുമായി വഴക്കിട്ടൊരുദിവസം അവള്‍ക്കൊരു അടി കൊടുത്തിട്ട് കുമ്പസാരിക്കാതെ കുര്‍ബാന സ്വീകരിക്കാന്‍ ലൈനില്‍ നിന്നപ്പോള്‍ അവള്‍ രൂക്ഷമായി നോക്കിയതുപോലെ അച്ചന്‍ തടിച്ച കണ്ണടയില്‍ കൂടി എന്നെ തന്നെ നോക്കുന്നതുപോലെ എനിക്ക് തോന്നി. എന്‍റെ കൈ പോക്കറ്റിനു പുറത്തുകൂടി രൂപയെ അമര്‍ത്തി പിടിച്ചു. എന്‍റെ മനസ് ഹോട്ടല്‍ ആസാദിലെ മട്ടണ്‍ ബിരിയാണിയിലും സാലഡിലും! ഈശോ പക്ഷേ ശാന്തമായി ഉറങ്ങുകയാണ്. ഞാന്‍ ധൈര്യം സംഭരിച്ചു ഈശോയുടെ രൂപത്തിന്‍റെ കാലില്‍ നല്ലയൊരു ചുംബനം കൊടുത്തുകൊണ്ട് അപേക്ഷിച്ചു. ഞാന്‍ നേര്‍ച്ച ഇടാതിരിക്കുന്നത് അച്ചന്‍ കാണല്ലേ!
തല കുനിച്ചുതന്നെ ഞാന്‍ നടന്നു നീങ്ങാന്‍ തുടങ്ങി. പക്ഷേ തികച്ചും ആകസ്മികമായി കണ്ണ് അച്ചന്‍റെ മുഖത്തേക്ക് ഒരു നിമിഷം പോയി. അച്ചന്‍ എന്നെ നോക്കി ചെറുതായി ചിരിച്ചു. എന്‍റെ ദൈവമേ! ഞാന്‍ മനസ്സില്‍ നിലവിളിച്ചു പോയി. ഒരിക്കലും എന്നെ നോക്കി ചിരിക്കാത്ത അച്ചന്‍ ഇതാ വേലയും കൂലിയും ആരോഗ്യവും സൗന്ദര്യവും അഭിമാനവും ഇല്ലാത്ത എന്നെ നോക്കി മന്ദഹസിക്കുന്നു. ഈശോയെ, നീ എനിക്കായ് പറുദീസ ഒരുക്കുകയാണോ? എല്ലാ പീഡാനുഭവങ്ങളില്‍നിന്നും എന്നെ ഉയര്‍ത്തുകയാണോ? എന്‍റെ കൈകള്‍ ഞാനറിയാതെ പോക്കറ്റിലേക്കു പോയി. നൊടിയിടയില്‍ നൂറു രൂപാ എടുത്തു ഞാന്‍ നിറഞ്ഞു തുളുമ്പാറായ ബക്കറ്റിലേക്ക് ഇട്ടു. അതിനു ശേഷം തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞാന്‍ പുറത്തേക്കുള്ള വാതിലിലേക്ക് പോയി.
പള്ളിയുടെ വാതില്‍ക്കല്‍ കയ്പ് നീരുമായി ലോറന്‍സ് നിന്നിരുന്നു. അവന്‍ പറഞ്ഞു: ‘നീ എന്‍റെ ക്ലാസ്സ്‌മേറ്റല്ലെ! അതുകൊണ്ട് ഞാന്‍ കുറച്ചു കയ്പ് നീര്‍ മാത്രമേ നിനക്ക് തരുന്നുള്ളൂ’. ഏതാനും തുള്ളികള്‍ മാത്രം ഒഴിച്ച് അവനെന്നെ നോക്കി ചിരിച്ചു. അതു കുടിച്ചു ഞാന്‍ പുറത്തേക്കു നടന്നു. വിശപ്പടക്കാനുള്ളത്ര കയ്പ് നീരിനായി വീണ്ടും ലൈനില്‍ നില്ക്കാന്‍ എന്‍റെ മനസും ശരീരവും വെമ്പി! പെട്ടെന്ന് അന്തരീക്ഷത്തിലൊരു അന്ധകാരം. എല്ലാ ദുഖവെള്ളിയിലെയും പോലെ കനത്ത മഴയ്ക്കുള്ള ആരംഭം. ഞാന്‍ വീട്ടിലേക്കോടി. അമ്മയുടെ ചൂടുകഞ്ഞി കുടിക്കാന്‍. അവിടെ ആരും അതിനായി മത്സരിക്കില്ലല്ലോ!
സിബിച്ചന്‍ കെ മാത്യു
*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+
എല്ലാം നിനക്കായ്
വെടിക്കെട്ടിന്‍റെ പുകയില്‍
ചെണ്ടയുടെ മുഖരിതയില്‍
ആള്‍കൂട്ടത്തിന്‍റെ മുകളില്‍
ഞാന്‍ കണ്ടു
കണ്ണടച്ചു ചെവി പൊത്തിയ ആള്‍രൂപം
അതു ദൈവമായിരുന്നോ??
© Sibichen K Mathew
*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*_*+*+*+*+
"കരിഞ്ഞ റൊട്ടി അവള്‍ക്ക് വല്യ ഇഷ്ടമാണ്, അത് അവള്‍ക്ക് കൊടുത്തേക്ക് "
മറ്റുള്ളവരുടെ ചേതോവികാരങ്ങള്‍
കൂടുതല്‍ മനസ്സിലാക്കുന്ന ആളുകള്‍ക്ക്
മിക്കപ്പോഴും പകരം ലഭിക്കുക അനീതി
നിറഞ്ഞ പെരുമാറ്റം ആകും . അങ്ങിനെ ഒരു
തോന്നല്‍ നിങ്ങളില്‍ ആര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്??
അഥവാ അങ്ങിനെ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ നിങ്ങളുടെ ധാരണ തെറ്റല്ല .
മറ്റുള്ളവരെ
മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു
വ്യക്തിയാണോ
താങ്കള്‍???
ചുറ്റുപാടുകള്‍ക്ക് അനുസരിച്ചു
വളരെപ്പെട്ടെന്ന് ഇണങ്ങുന്ന വ്യക്തിയാണ് നിങ്ങള്‍. നിങ്ങളെ കുറിച്ചു അതാണ് മറ്റുള്ളവരുടെ ധാരണ.
അതുകൊണ്ട് തന്നെ തന്‍റെ താത്പര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന മറ്റ്
വ്യക്തികള്‍ക്ക് നിങ്ങളേക്കാള്‍
കൂടുതല്‍ മുന്‍ഗണന ലഭിക്കും. നിങ്ങളാകട്ടെ
കടുംപിടുത്തക്കാരനായ ഒരു
വ്യക്തിയുടെ ജീവിതത്തിന് പുറമെ
മറ്റുള്ളവരുടെ ജീവിതവും സന്തോഷം നിറഞ്ഞതാക്കും. എന്നു വച്ചാല്‍, കൂടുതല്‍ സമയം നിങ്ങളോട് കാത്തു നില്‍ക്കുവാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ കുറഞ്ഞ സ്ഥാനത്തേക്ക്
നിങ്ങളെ സ്ഥാപിക്കുകയോ ചെയ്യുമ്പോള്‍ കടുംപിടുത്തക്കാരനായ മറ്റെ
വ്യക്തിക്ക് വേണ്ടി നിങ്ങള്‍ സംതൃപ്തിയടയേണ്ടി വരും .
നിര്‍ബന്ധബുദ്ധിയാണ്,
ലോല മനസ്കനാണ്, എല്ലാറ്റിനെയും കുറ്റപ്പെടുത്തുന്നയാളാണ് അല്ലെങ്കില്‍ സാമര്‍ഥ്യക്കാരനാണ്
എന്നിങ്ങനെ വേര്‍തിരിവുകള്‍ ഇല്ലാതെ ഒരേ
പോലെയുള്ള പെരുമാറ്റം ലഭിക്കുവാന്‍ എല്ലാവരും അര്‍ഹരാണ് എന്നു നിങ്ങള്‍ക്ക്
തോന്നാറില്ലേ?? മറ്റുള്ളവരുടെ ചേതോവികാരങ്ങള്‍
മനസിലാക്കി പ്രവര്‍ത്തിക്കുന്നതിന് ഒരു പരിധി ഉണ്ടോ???
യാത്ര ചെയ്യുമ്പോള്‍ കൈപ്പിടി
വരെ നമ്മള്‍ ഞെരുക്കുന്നത്
എന്തിനെയാണെന്ന് അറിയാമോ??
ഒപ്പം കൊണ്ട് പോകുന്ന ഹാന്‍ഡ്ബാഗ് അല്ലെങ്കില്‍ കൈസഞ്ചിയെ. ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നതെന്താകും??
ബാഗിന്‍റെ സിപ്പും. ആ ബാഗിനുള്ളില്‍
കയറാറ്റാവുന്നതിനെക്കാള്‍ സാധനങ്ങള്‍
അതിനുള്ളില്‍
ഞെരുക്കിക്കയറ്റിയാലും
നിസ്സഹായതയോടെ ബാഗടയ്ക്കുവാന്‍
സിപ്പ് നമ്മളോട് സഹകരിക്കും. അപ്പോഴും, പല വസ്തുക്കളും പിന്നേയും പുറത്തു
കിടക്കുന്നതു നമ്മള്‍ കാണും. പിന്നേയും സിപ്പിന്‍റെ ബലം പരിശോധിക്കും, അങ്ങിനെ ചെയ്യുന്നതിലൂടെ ആ ബാഗിന്
ഏകദേശം കേടുപാടുകള്‍ പറ്റിയിട്ടുണ്ടാകും. ഇത് തന്നെയാണ്, മറ്റുള്ളവരുടെ
വികാരങ്ങളെ മനസ്സിലാക്കുന്ന വ്യക്തികളോട്
നമ്മള്‍ ചെയ്യുന്നതും. എത്രയറ്റം വരെ അവരെ ചൂഷണം ചെയ്യാമോ അത്രയും നമ്മള്‍ ചെയ്യും.
‘ഒരിയ്ക്കലും നല്ല മനുഷ്യരെ പരീക്ഷിക്കരുത്. അവര്‍ മെര്‍കുറി പോലെ ആണ്. പ്രഹരിച്ചാലും
അവര്‍ തകരില്ല. അവര്‍ നിങ്ങളുടെ
ജീവിതത്തില്‍ നിന്നും നിശബ്ദരായി
അപ്രത്യക്ഷരാകും’ എന്നു എഴുതപ്പെട്ടിട്ടുണ്ട്. നമ്മുടെ സൌകര്യത്തിന്
അനുസരിച്ചു ഒരു ബന്ധത്തെ നമുക്കധീനമാക്കി സമര്‍ത്ഥനായ
വിജയിയായി അഭിമാനിക്കുവാന്‍ സാധിയ്ക്കും . പക്ഷേ ഒരു നല്ല മനസിന്‍റെ
സഹിഷ്ണുതയെ അതിനു സഹിക്കാവുന്നതിനെക്കാള്‍ പരീക്ഷിച്ചാല്‍ ആസന്നമായ
ഒരു തകര്‍ച്ച ആ ബന്ധത്തില്‍ ഉണ്ടാകാനുള്ള സാധ്യത
നമ്മള്‍ അറിഞ്ഞിരിക്കണം
ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും ഇത് സംഭവിക്കാം . എന്നിരുന്നാലും ഇത്
തൊഴില്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ വ്യക്തമായി കാണാവുന്നതാണ് (ഇതേക്കുറിച്ച് "വെന്‍ ദി ബോസ് ഈസ് റോങ് " എന്ന എന്‍റെ
പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്)
അപ്പോള്‍ പറഞ്ഞു വന്നതിന്‍റെ സാരമെന്താണ്?? നിങ്ങളെ ചൂഷണം
ചെയ്യപ്പെടുമ്പോഴും ത്യാഗം ചെയ്യുന്നത്
തുടരുക എന്നതാണോ അതോ അന്യായമായി
നിങ്ങളെ ചൂഷണം
ചെയ്യപ്പെടുന്നതിനാല്‍ അധിക ചുമട്
ഏറ്റെടുക്കുന്നത് വേണ്ടെന്ന് വയ്ക്കുവാനോ??
ഇതിന് ഒരുത്തരം ലഭിക്കണം എങ്കില്‍
നിങ്ങള്‍ സ്വയം ഒരു ചോദ്യം
ചോദിക്കണം. എന്തിനാണ് അനവധി തവണ നിങ്ങള്‍
ഒരു ബലിയാടാകുന്നത്??? അത് ആരെങ്കിലും നിങ്ങളുടെ മേല്‍
അടിച്ചേല്‍പ്പിക്കുന്നതാണോ??
അതോ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്താല്‍
സംഭവിക്കുന്നതോ??
എത്രയും പെട്ടെന്നു ലഭിക്കുന്ന അവസരം
ഉപയോഗിച്ച് അനീതി നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നും അത്തരം
വ്യക്തികളില്‍ നിന്നും അകന്നു
പോകേണ്ടത് നിങ്ങളുടെ ആവശ്യമാണ്.
നിരന്തരമായി കശാപ്പു
ചെയ്യപ്പെടുവാന്‍ നിന്ന് കൊടുക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരല്ല. മറ്റുള്ളവര്‍
മികച്ചത് കിട്ടുന്നതിനായി വാശി
പിടിക്കുമ്പോള്‍ പഴുത്തു മോശമായ പഴവും
കരിഞ്ഞ റൊട്ടിയും നിങ്ങള്‍ എപ്പോഴും സ്വീകരിക്കേണ്ട ഒരാവശ്യവും ഇല്ല.
ഒരു വ്യക്തി അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്
പരിഹാരം കാണുന്നതിനായി ഒരു
സ്ഥിതിവിശേഷത്തിലേക്ക് നിങ്ങള്‍ സ്വമനസ്സാലെ കടന്നു ചെല്ലുകയോ അല്ലെങ്കില്‍ അതില്‍ നിന്നും അകന്നു നില്‍ക്കുകയോ ചെയ്യുകയും ആ വ്യക്തി പക്ഷേ അയാള്‍ ചെയ്യേണ്ടതായുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തനല്ലാതെയോ അല്ലെങ്കില്‍ ചെയ്യാതിരിക്കുകയോ ചെയ്യുന്നു എന്നും വരികില്‍ അതൊരു
ശീലമാക്കാതെ ചുരുക്കം സമയത്തേക്ക് മാത്രം ആ കാര്യം നിങ്ങള്‍ ചെയ്യുക. പക്ഷേ മറ്റുള്ളവരാല്‍
സ്വയം ചൂഷണം ചെയ്യപ്പെടുന്നു എന്നു തിരിച്ചറിഞ്ഞ ശേഷവും മറ്റുള്ളവര്‍ക്കായി
ചെയ്യുന്ന ഓരോ ത്യാഗവും നിങ്ങളെ
സന്തോഷിപ്പിക്കുന്നു എങ്കില്‍ തുടര്‍ന്നും ചെയ്യുക. ഏതുവിധത്തിലായാലും അത്തരം ചൂഷകര്‍ക്ക് അല്ലെങ്കില്‍ പരാന്നജീവികള്‍ക്ക്
തഴച്ചു വളരാനുള്ള ഉപകരണം ആണ് നിങ്ങള്‍. നീതിയുള്ള
സമൂഹത്തെയാണ് കാണുവാന്‍ നിങ്ങള്‍
ആഗ്രഹിക്കുന്നതെങ്കില്‍ ഇതത്ര ശരിയായ
കാര്യമല്ല. അന്യായമായി മറ്റുള്ളവരാല്‍ ചൂഷണം ചെയ്യപ്പെടുന്നത് നിങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ ചുമലിലേറ്റുവാന്‍ കെല്‍പ്പുള്ളവര്‍ക്ക് അവരുടെ
നുകം വിട്ടുകൊടുക്കുക എന്നത് നിങ്ങളുടെ കടമയാണ്.
സ്വമനസ്സാലെ, സന്തോഷത്തോടെയും
ആത്മാര്‍ഥതയോടെയും ഒരു വിഭാഗം വ്യക്തികളും സംഘങ്ങളും ചെയ്യുന്ന ത്യാഗങ്ങള്‍
കാരണമാണ് ഈ ലോകം ഇപ്പൊഴും വളരെ മനോഹരമായിരിക്കുന്നത്. കുറച്ചു
അധിക ഭാരം ഒന്നു ചുമന്നു എങ്കില്‍ പോലും
ഒരാള്‍ക്ക് സന്തോഷവാനായിരിക്കുവാന്‍ സാധിക്കുമെന്ന സന്ദേശം
അവര്‍ മറ്റുള്ളവരിലേക്ക് പകരുന്നു. ചൂഷകരും
ഈ സന്ദേശം വായിച്ചിട്ട്
സ്വന്തം ജീവിതത്തില്‍ ഒരു നിമിഷം പോലും അതിനെ ഒന്നു പകര്‍ക്കുവാന്‍ ശ്രമിക്കാതെ അത്യുല്‍സാഹപൂര്‍വ്വം മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യും. "ത്യാഗങ്ങളും ധര്‍മ്മപ്രഭാഷണങ്ങളും മറ്റുള്ളവര്‍ക്ക് നല്ലതാണ്,
എനിക്കല്ല, ഒരു പക്ഷേ പിന്നീടാകും" എന്ന ചിന്തയോടെ.
ക്ലേശങ്ങളെ വാഴ്ത്തി ഈ ചൂഷണത്തിലും ഗതികേടിലും ആശ്വാസം കണ്ടെത്തുന്നവരുണ്ടാകാം. ഈ മഹത്വവത്ക്കരിക്കല്‍ ധാര്‍മ്മികതയിലോ
അല്ലെങ്കില്‍ തത്ത്വപരമായോ അടിസ്ഥാനത്തിലോ
ആകാം. അല്ലാതെ യുക്തിസഹമായതോ, പ്രയോജനപ്രദമായതുമായതോ ആയ കാഴ്ചപ്പാടിലധിഷ്ഠിതമല്ല. എന്നിരുന്നാലും
വിവേകപൂര്‍വമായ പ്രേരണകളും പ്രതീക്ഷകളും കൊണ്ട് ശക്തമായി
സ്വാധീനിക്കപ്പെടുന്ന ഒന്നാണ് മനുഷ്യന്‍റെ പെരുമാറ്റം. നൈസര്‍ഗികമായശക്തിയോ അല്ലെങ്കില്‍
ദൈവീക ചൈതന്യമോ ഇല്ലാത്ത പക്ഷം, ഈ പറയുന്ന 'ആളുകള്‍' അറിഞ്ഞോ
അറിയാതെയോ ലഭിക്കുന്ന ഈ പീഡനങ്ങളെ
നിശബ്ദമായി പഴിക്കും. അത് അല്പം പോലും ആരോഗ്യകരമല്ല: അവര്‍ക്കും സമൂഹത്തിനും.
©
Sibichen K Mathew
(Malayalam translation by Bindu B
Menon. Original article in English available here)
+++++++++++++++++++++++++++++++++++++++++++++++++++++++
അഭിപ്രായം എഴുതണേ: sibi5555@gmail.com or Post your comments below.
No comments:
Post a Comment
I appreciate your valuable comments. The comments may not appear immediately. It will appear in the blog shortly after posting.