(Read the English version: A ten year old’s Holy Week memoirs)
ഒരു പെസഹ വ്യാഴാഴ്ച
അമ്മവീട്ടിലെ അടുക്കളയിൽ തേങ്ങ ചുരണ്ടിക്കൊണ്ടിരുന്ന അമ്മായിയുടെ അടുത്ത് തേങ്ങ തിന്നാൻ ഞാനും എന്‍റെ പെങ്ങളും ഞങ്ങളെക്കാൾ രണ്ടു വയസു മൂത്ത അമ്മയുടെ അനിയത്തി അനിലചേച്ചിയും ഇരിക്കുമ്പോഴാണ് ഏതോ വാർത്തയുമായി അമ്മാവൻ എത്തിയത്. പതിവുള്ള കുശലങ്ങളൊന്നും ഞങ്ങളോടു ചോദിക്കാതെ അമ്മായിയെ അകത്തേക്ക് വിളിച്ച് എന്തോ സ്വകാര്യമായി പറയുന്നതുകണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. കാരണം അമ്മാവൻ പറഞ്ഞു തീരും മുമ്പേ അമ്മായി കൈ തലയിലിടിച്ച് കരയുന്നതാണ് കണ്ടത് . എന്താണു കാര്യമെന്നറിയാതെ പകച്ചു നിന്ന ഞങ്ങൾ മൂന്നു പേരിൽ എന്നെയും പെങ്ങളെയും അടുത്ത് വിളിച്ച് രണ്ടു കൈകളും ഞങ്ങളുടെ തോളിൽ ഇട്ട് അമ്മാവൻ പറഞ്ഞു :
‘മക്കളേ , അളിയൻ പോയി!’
അമ്മാവൻ പറഞ്ഞതെന്താണെന്ന് ഞങ്ങൾക്ക് മനസില്ലായില്ല. അളിയൻ എന്ന് പറഞ്ഞത് ഞങ്ങളുടെ ചാച്ചനെ കുറിച്ചാണെന്ന് മാത്രം അറിയാം . എന്താണ് ചാച്ചൻ പോയെന്നു പറഞ്ഞത്? ചാച്ചൻ മെഡിക്കൽ കോളേജിൽ തലവേദനയായി കിടക്കുകയാണല്ലോ. ഇന്നലെ ഞാനും പെങ്ങളും ചാച്ചനെ കാണാൻ കോട്ടയത്തെ ഹോസ്പിറ്റലിൽ പോയതും ചാച്ചന്‍റെ കൂടെ മോഡേണ്‍ ബ്രെഡ് നല്ല ചൂടുള്ള പാലിൽ മുക്കി കഴിച്ചതുമല്ലേ.
ചാച്ചനെ കണ്ടപ്പോൾ പള്ളിയിൽ ഓശാന ഞായറാഴ്ച കണ്ട യേശുവിന്‍റെ ചിത്രമാണ് ഓർമയിൽ വന്നത്. ചാച്ചന്‍റെ മുഖത്തും താടിയിലും അതുപോലെ രോമങ്ങൾ നിറഞ്ഞിരിക്കുന്നു. കട്ടിലിന്‍റെ തലയ്ക്കൽ തലയിണ പൊക്കി വച്ചിരുന്നപ്പോൾ ദൃശ്യമായത് യേശുരാജാവിന്‍റെ സൌമ്യതയും ചെറു പുഞ്ചിരിയും. പക്ഷെ എന്തോ വേദന കടിച്ചമർത്തുന്നതുപോലെ തോന്നി. ചാച്ചന്‍റെ നെറ്റിയിലെ വിയർപ്പുതുള്ളികൾക്ക് ചുവപ്പു നിറമായിരുന്നു. മുറിയിൽ നിന്നിറങ്ങിയ സമയത്ത് ചാച്ചൻ എന്‍റെ തലയിൽ തലോടി. ഉയിർപ്പുതിരുനാളു കഴിഞ്ഞ് അവരെ വീണ്ടും കൊണ്ടുവരാമെന്നു അമ്മച്ചി ചാച്ചനോടു പറയുന്നത് ഞങ്ങൾ കേട്ടതുമാണല്ലോ. പിന്നെന്തിന്, എവിടെ ചാച്ചൻ പോയി? എന്തിനാണ് അമ്മാവന്‍റെ കണ്ണുകൾ നിറഞ്ഞതും അമ്മായി തേങ്ങ ചുരണ്ടൽ എല്ലാം നിർത്തി കട്ടിലിലേക്ക് ചാഞ്ഞതും? എനിക്കൊന്നും മനസില്ലായില്ല. എനിക്കും പെങ്ങൾക്കും എന്ത് സംശയമുണ്ടെങ്കിലും അത് പരിഹരിച്ചു തരുന്ന അനിലചേച്ചിയുടെ അടുത്തേക്ക് ഞങ്ങൾ നീങ്ങി. എനിക്ക് അന്ന് അഞ്ചു വയസ്സ്. എന്‍റെ പെങ്ങൾക്ക് ആറും, അനിലചേച്ചിക്ക് ഏഴും വയസ്സ്. പക്ഷെ അനിലചേച്ചിക്ക് അറിയാത്ത ഒരു കാര്യവും ലോകത്തിലില്ല എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ചാച്ചൻ മരിച്ചു പോയി എന്ന് അനിലചേച്ചി എന്നോടും പെങ്ങളോടും പറഞ്ഞു. എന്നിട്ട്, അമ്മാവനും അമ്മായിയും ചെയ്തതുപോലെ കരയുവാൻ തുടങ്ങി. ഞങ്ങളും കരയുവാൻ തുടങ്ങി. മരണത്തിന്‍റെയും വേർപാടിന്‍റെയും പൊരുളും നഷ്ടവും ലേശവും മനസിലാകാതെ.
ദു:ഖവെള്ളി
എറണാകുളത്തുള്ള വലിയ അമ്മായിയുടെ കറുത്ത അംബാസഡർ കാറിന്‍റെ പിൻസീറ്റിൽ അമ്മച്ചി അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോൾ ,ചാച്ചന്റെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെളുത്ത ഷൂസും, മനോഹരമായി തയ്യാറാക്കിയ വെളുത്ത 'മുൾമുടിയും' വെള്ള ഷർട്ടും എല്ലാമിട്ടു കൈയിൽ കുരിശും കൊന്തയും പിടിച്ചുള്ള ചാച്ചന്‍റെ കിടപ്പ് എന്ത് സുന്ദരമായിരുന്നു. (പിന്നീട് എത്രയോ തവണ ഞാൻ അങ്ങനെയൊരു കിടപ്പ് മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ട്! എല്ലാവരും എന്നെ പെട്ടിയിലാക്കി എടുത്തുകൊണ്ടു പോകുന്നതും ഞാനും ചാച്ചനെ പോലെ നല്ല സുന്ദരനായി അതിൽ കിടക്കുന്നതും!) മുപ്പത്തിമൂന്നു വർഷത്തെ രഹസ്യ ജീവിതവും പരസ്യ ജീവിതവും പീഡാസഹനവും പൂർത്തിയാക്കിയ ശേഷം ചാച്ചൻ എങ്ങോട്ടു പോയി?
അമ്മാവന്മാർ എന്നെ മാറി മാറി തോളിൽ എടുത്തുനിന്നു. അവിടെ കൂടിയ എല്ലാവരും എന്നെ നോക്കി എന്തിന്നാണ് കരയുന്നത്? അവർ ചാച്ചനെ നോക്കിയല്ലേ കരയേണ്ടത്? എല്ലായിടത്തും സാംബ്രാണി തിരികളുടെ മണം. അഗർബത്തികളുടെ മണം അന്നുമുതൽ ഞാനും പെങ്ങളും അമ്മയും പൂർണമായും വെറുത്തു. അതിന്‍റെ മണത്തിൽനിന്ന് ഓടിയകലുവാൻ ഞങ്ങൾ വെമ്പി. ദു:ഖവേള്ളിയാഴ്ചകളിലെ കുർബാനകളിൽനിന്നും!
ഉയിർപ്പുഞായറാഴ്ച
ദു:ഖവേള്ളിയാഴ്ചകളെ വെറുത്ത ഞാനും പെങ്ങളും അമ്മയും ഉയിർപ്പുഞായറാഴ്ചകളെ ഒരിക്കലും വെറുത്തില്ല. കുരിശിൽ മരിച്ച യേശുവിന്‍റെ രൂപത്തിന് മുമ്പിൽ ഞങ്ങളും പ്രത്യാശയോടെ നിന്നു.
‘പുനരുദ്ധാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’ അച്ചൻ വചനം ഉറക്കെ വായിച്ചു. അപ്പോൾ മുതൽ ഞാൻ ആ പ്രതീക്ഷയിലാണ്. എന്നാണ് ചാച്ചന്‍റെ ഉയിത്തെഴുന്നേൽപ്പ്?
ചാച്ചൻ പോയിട്ട് ദിവസങ്ങളായി. പെങ്ങളുടെ വേദപാഠ പുസ്തകത്തിലെ യേശു ഉയിർപ്പിച്ച ലാസറിന്‍റെ ചിത്രത്തിലേക്ക് ഞാൻ കൌതുകത്തോടെ നോക്കി. ലാസറിനെ ഉയിർപ്പിച്ച യേശുവിനു തീർച്ചയായും ചാച്ചനെയും തിരികെ കൊണ്ടുവരാൻ പറ്റും.
ഉയിർപ്പുകാലം
ചാച്ചനെ കല്ലറയിലേക്ക് വെച്ച അതേ അച്ചൻ വീണ്ടും വായിക്കുന്നു. ‘എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ മദ്ധ്യേ അവിടുന്ന് പ്രത്യക്ഷനായി ’. എന്നെങ്കിലുമൊരു ദിവസം തീർച്ചയായും ചാച്ചനും വരും. ഞങ്ങളെ കാണാതിരിക്കാൻ ചാച്ചനു സാധിക്കുമോ?
എല്ലാ ഞായറാഴ്ചകളിലും എന്‍റെ ദൃഷ്ടികൾ പള്ളിയുടെ അൾത്താരയുടെ മുകളിൽ ആയിരിന്നു. അവിടെ ഇങ്ങനെ എഴുതിയിരുന്നു . 'ഇത് ദൈവത്തിന്‍റെ ഭവനവും സ്വർഗത്തിലേക്കുള്ള വാതിലുമാകുന്നു’. ഇതെഴുതിയിരിക്കുന്ന സ്ഥലത്തിന്‍റെ ഇരുവശങ്ങളിലും രണ്ടു വാതിൽ ഉണ്ട്. എന്‍റെ നോട്ടം അങ്ങോട്ടായിരുന്നു . അത് സ്വർഗത്തിലേക്കുള്ള വാതിലാണെങ്കിൽ തീർച്ചയായും ചാച്ചൻ അതിന്‍റെ അകത്തുണ്ടായിരിക്കും. എപ്പോഴെങ്കിലും ഒരിക്കൽ വാതിൽക്കൽ വന്നു താഴേക്ക് നോക്കാതിരിക്കില്ല. പക്ഷെ ഒരിക്കൽപോലും ചാച്ചൻ വാതിൽക്കൽ വന്നു താഴോട്ട് എത്തിനോക്കിയില്ല. മാലാഖമാരോടും ഈശോയോടുമോത്തു നല്ല സന്തോഷത്തിൽ കഴിയുന്ന ചാച്ചൻ ഞങ്ങളെയൊക്കെ മറന്നോ? വെള്ളക്കടലാസിൽ വൃത്തിയായി എഴുതി മണ്ണിൽ കുഴിച്ചിട്ട ഒരു കത്തുപോലും ചാച്ചനു കിട്ടിയില്ലേ?
ഞാൻ കാത്തിരിന്നു, ആ കാഹള നാദത്തിനായി! ഉറങ്ങുന്ന ചാച്ചൻ ഉണരാൻ വേണ്ടി.
Sibichen K Mathew
(Read English version: A ten year old’s Holy Week memoirs)
(Malayalam version was originally published in Manorama Online)
To read all articles : Click HOME
(Malayalam version was originally published in Manorama Online)
To read all articles : Click HOME