കഥ
പ്രിയപെട്ട സുഹൃത്തേ
ഞാന്‍ വീണ്ടും ഒരു കഥ
എഴുതാമെന്ന് വിചാരിച്ചു. അതെ, വളരെ നാളുകള്‍ക്കു ശേഷം. നീയാണല്ലോ എന്‍റെ എല്ലാ
കഥകളുടെയും ആദ്യ വായനക്കാരി. ഞാന്‍ ഓര്‍ക്കുന്നു. വായിച്ചതിനു ശേഷമുള്ള നിന്‍റെ
നീണ്ട മൌനം. നിന്നെ ഞാന്‍ എപ്പോഴൊക്കെ വെറുത്തിട്ടുണ്ടോ അതെല്ലാം എന്‍റെ
കൈയെഴുത്തു പ്രതിയും വച്ച് എന്‍റെ ക്ഷമ നീ പരീക്ഷിച്ച നിമിഷങ്ങളിലാണ്.
നിന്നെക്കുറിച്ചാകട്ടേ ഈ കഥ?
ഒരു കഥയെഴുതുവാനുള്ള മൂഡ്
എങ്ങനെയെനിക്ക് ഇപ്പോള്‍ ഉണ്ടായി എന്നു നീ അദ്ഭുതപ്പെടുന്നുണ്ടാവും. മൂഡിന്‍റെ
പേരുപറഞ്ഞ് പൂര്‍ത്തിയാക്കാതെ വലിച്ചെറിഞ്ഞ എന്‍റെ കഥകള്‍ കണ്ടിട്ട് എന്നോട്
‘ഗെറ്റ് ലോസ്റ്റ്’ എന്നു പറഞ്ഞ നീ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും ഞാന്‍ ഇതാ വേറൊരു കുറ്റകൃത്യത്തിനു മുതിരുന്നു എന്ന്‍.
നിന്‍റെ വാക്കുകള്‍ ഞാന്‍ മറന്നിട്ടില്ല: ‘നല്ല ഒരു കഥ പാതി വഴിക്ക്
വലിച്ചെറിയുന്ന നീയും, ഗര്‍ഭചിദ്രം ചെയ്യുന്ന സ്ത്രീയും തമ്മില്‍ എന്താ വിത്യാസം?’
എനിക്ക് ഒരിക്കലും ദഹിക്കാത്ത നിന്‍റെ അതിശയോക്തി
കലര്‍ന്ന ക്രൂരമായ താരാതമ്യം!
ഈ കഥ എന്‍റെ പഴയ കഥകളില്‍നിന്നും
വേറിട്ട വഴിയിലുള്ളതാണ്. എന്‍റെ മനസിന്‍റെ അഗാധതലങ്ങളിലെവിടെയോ നിര്‍ജീവമായികിടന്ന
ഏതാനും ഓര്‍മശകലങ്ങളില്‍ ചാലിച്ച കഥയാണിത്. ആദ്യമേതന്നെ വൈരുദ്ധ്യം
കടന്നുകൂടിയതായി നീ ഇപ്പോള്‍ വിമര്‍ശിക്കുന്നുണ്ടാവും. നിന്നെ കുറിച്ചുള്ള കഥയില്‍
എങ്ങനെ എന്‍റെ ഓര്‍മ്മകള്‍ക്ക് പ്രസക്തിയല്ലേ? നിന്‍റെ പാട്ടുകളെക്കുറിച്ച് ഞാനും
എന്‍റെ കഥകളെകുറിച്ചും നീയും ഓര്‍ക്കുകയും സംസാരിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും
നമ്മുക്ക് രണ്ടുപേര്‍ക്കും തമ്മില്‍ വലിയ ഒരു അപരിചിതത്വം ഉണ്ടായിരുന്നു.
ഒരു നിലക്കണ്ണാടിയുടെ
മുമ്പിലിരുന്നാണ് ഞാന്‍ ഈ വരികള്‍ കുത്തികുറിക്കുന്നത്. അലസമായി വളരുന്ന
താടിരോമത്തിലും തടവി കണ്ണാടിയില്‍ കാണുന്ന കുഴിഞ്ഞ കണ്ണുകള്‍ക്കുള്ളിലേക്ക്
ഊഴ്ന്നിറങ്ങുമ്പോള്‍ ഭൂതകാലം കൂടുതല്‍ സ്പഷ്ടം. മാര്‍ക്സും നീഷ്ചയും
ഫിനോമിനോളജിയും എമ്പിരിസിസവും അടങ്ങിയ ബൌദ്ധികലോകത്തേക്കാള്‍ എന്തുകൊണ്ടും
ഹൃദയസ്പര്‍ശിയാണ് ഓര്‍മകളുടെ ലോകത്തേക്ക് ഒരു തിരിഞ്ഞുനോട്ടം.
എന്‍റെ കൂട്ടുകാരന്‍
സിനിമക്ക് പോയിരിക്കുകയാണ്. അവന്‍ തിരികെ വരും മുമ്പ് ഇത് എഴുതിത്തീരുമെന്ന്
തോന്നുന്നില്ല. ഓരോ ചെപ്പു തുറക്കുമ്പോഴും കുറെയേറെ കഥകള്‍ക്കും ഉപകഥകള്‍ക്കുമുള്ള
വിഷയങ്ങള്‍ വരുന്നു. ചില ഓര്‍മ്മകള്‍ എഴുതിയത് തന്നെ വലിച്ചെറിയാനുള്ള പ്രകോപനവും
ഉണ്ടാക്കുന്നു.
പതിവായി അവനോടൊപ്പം സിനിമക്ക്
പോകാറുള്ള ഞാന്‍ ഇന്ന് ഇതെഴുതുവാനായി മനപൂര്‍വ്വം ഇരുന്നതല്ല. പബ്ലിക്
ലൈബ്രറിയില്‍ പോയി എന്തെങ്കിലും വാരികകള്‍ മറിച്ചുനോക്കാനുള്ള ഒരു ആഗ്രഹം
എന്തുകൊണ്ടോ ഇന്ന് തോന്നി. ലൈബ്രറിയിലെ പുസ്തകങ്ങളുടെയും പത്രമാസികകളുടെയും മണം
എനിക്കെന്നും ഒരു ലഹരിയാണല്ലോ. ജീവിത യാഥാര്‍ദ്ധ്യങ്ങളില്‍നിന്ന്‍ ഒരു
ഒളിച്ചോട്ടവും.
ഒഴിവുദിവസങ്ങളില്‍പോലും പലപ്പോഴും ലൈബ്രറി നിനക്കും ഒരു
അഭയകേന്ദ്രമായിരുന്നല്ലോ. ഞങ്ങളെല്ലാം നാരായണേട്ടന്‍റെ കാന്‍ടീനില്‍ കയറി ചൂടുള്ള
മസാല ദോശ കഴിക്കുമ്പോള്‍ കൂടെ വരാതെ തനിയെ ഇരുന്ന് വീട്ടില്‍ നിന്നു കൊണ്ടുവന്ന
തണുത്ത ഉപ്പ്‌മാ കഴിക്കുന്നത് നിന്‍റെ ശീലമായിരുന്നു. ഇതാണ് ചെപ്പു തുറന്നാലുള്ള കുഴപ്പം.
ആവശ്യമില്ലാത്ത പല ഓര്‍മ്മകളും അനുവാദമില്ലാതെ കുടിയിരിക്കാന്‍ വരും.
പേജുകള്‍ പലത്
മറിച്ചെങ്കിലും ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല. പുറത്തേക്കു നടന്നു.
വഴിയരികിലെ ഗണപതി
ക്ഷേത്രത്തിന്‍റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നവരെ കണ്ടു. എന്തോ എനിക്കും
ഒന്നു കയറി തൊഴാന്‍ തോന്നി. ഞാനും ഒരു വിശ്വാസി ആയോ? ദാസ് കാപ്പിറ്റല്‍ വായിച്ചുകൊണ്ടിരുന്ന
നിന്നോട് “ആദ്യം നിന്‍റെ നെറ്റിയിലെ കുറിയും കൈയിലെ മന്ത്രചരടും എറിഞ്ഞു കള. ആ
വിശുദ്ധ ഗ്രന്ഥത്തിന്‍റെ പാവനത നീ കളയാതെ” എന്ന് ലൈബ്രറിയില്‍ നിന്നോട് അട്ടഹസിച്ച
ഞാനാണോ ഇത്? നാട്ടിലെ ഗണപതിക്ഷേത്രത്തില്‍ പതിവായി പോയി വരുന്ന അമ്മ നെറ്റിയില്‍
കുറിയിടുമ്പോള്‍ ഞൊടിയിടയില്‍ പുച്ഛത്തോടെ മായ്ച് കളഞ്ഞിരുന്ന ഞാന്‍ കൈകൂപ്പി
അവിടെ നിന്നു. എനിക്കിന്നെന്തുപറ്റി?
ഇന്നലെ രാത്രി എനിക്കല്പം
പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പല പരിചിത രൂപങ്ങളും
വളരെ കാലങ്ങള്‍ക്കുശേഷം മനസ്സിലേക്ക് വന്നു. ഞാന്‍ അവരോടൊത്ത് വളരെയേറെ
പിന്നോട്ടും അതിലേറെ ദൂരത്തേക്കും പോയി. ഞാന്‍ ഒരിക്കലും കാണാതിരുന്ന
കാഴ്ച്ചകളിലേക്കും കേള്‍ക്കാന്‍ ചെവി കൊടുക്കാതിരുന്ന കാര്യങ്ങളിലേക്കും അവര്‍ എന്നെ കൊണ്ടുപോയി. പുതിയ കഥകള്‍ക്ക് നിരവധി വിഷയങ്ങള്‍. ഈ സ്വപ്നാടനത്തിന്‍റെ
കാരണക്കാരന്‍ ആരായിരുന്നു എന്നറിയാമോ?
ഇന്നലെ വൈകുന്നേരം
പതിവില്ലാതെ ശക്തമായ മഴ പെയ്തു. മണിക്കൂറുകളോളം നീണ്ട മഴ. ഓരോ തുള്ളിയും ഒരു കുടം
എന്നു പറയും പോലെ. തണുത്ത കാറ്റും. എങ്ങും പോകാതെ വെറുതെ മുറിയില്‍ തനിയെ ഇരുന്നു.
എന്നും കഴിക്കാറുള്ള സുഖ്പാലിന്‍റെ കടയിലെ സ്പെഷ്യല്‍ മസാല ചായ കുടിക്കാന്‍
പറ്റാഞ്ഞതുകൊണ്ടാകണം പതുക്കെ ഉറക്കം വന്നു തുടങ്ങി. പെട്ടിയില്‍നിന്നു നേര്‍ത്ത
കമ്പിളി പൊടികുടഞ്ഞെടുത്തു പുതച്ചപ്പോള്‍ ഉറക്കം കേമമായി. അപ്പോഴാണ് വാതില്കല്‍
ആരോ വീണ്ടും വീണ്ടും മുട്ടിയത്. സെക്യൂരിറ്റി ഗാര്‍ഡ് ഭീമിന്‍റെ ശബ്ദവും. ഞാന്‍
എഴുനേറ്റ് വാതില്‍ തുറന്നു. ഭീമിന്‍റെ കൂടെ വേറൊരാളും നില്ക്കുന്നു. നനഞ്ഞു
കുളിച്ച്, തലയിലും ദേഹത്തും പുതപ്പ് പുതച്ചയാള്‍. ഭീം വളരെ ഉത്സാഹത്തോടും
സന്തോഷത്തോടും പറഞ്ഞു: ‘സര്ജീ, ആപ്കാ ദോസ്ത്’.
‘എന്‍റെ ദോസ്തോ?’
എനിക്കറിയാത്ത ഏതു ദോസ്തിനെയാണ് ഇവന്‍ കൊണ്ടുവരുന്നത്. ഞാന്‍ അയാളെ സൂക്ഷിച്ചു
നോക്കി. എന്തൊരു പ്രാകൃത രൂപം! ആരെങ്കിലും പുതപ്പും പുതച്ചു ഈ നഗരത്തിലുടെ
നടക്കുമോ? നല്ലയൊരു സ്വെറ്റര്‍ ഇടാനുള്ള വിവേകവും വാങ്ങാനുള്ള കാശും ഇല്ലാത്ത ഏതു
സുഹൃത്താണ് എനിക്കുള്ളത്?
“എന്നേ മനസിലായില്ലേടെ
കഴുതേ?” അയാള്‍ ഭീമിന്‍റെ മുമ്പില്‍ വെച്ച് ആക്രോശിച്ചത് എനിക്കൊട്ടും
ഇഷ്ടപെട്ടില്ല.
അവന്‍ പതുക്കെ പുതപ്പ് തലയില്‍ നിന്നു മാറ്റി. എന്‍റെ മുഖത്തെ ഭാവം
കണ്ടിട്ടാകണം അവന്‍ അല്പം മയത്തില്‍ പറഞ്ഞു. “ഇത് ഞാനാടാ, സുദേവന്‍.” എന്നെ
ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ അവന്‍ കൂട്ടിച്ചേര്‍ത്തു: “ഗുരുവായൂരപ്പന്‍ കോളേജിലെ”.
അതു പറഞ്ഞ ഉടനെതന്നെ എന്‍റെ തലയില്‍ ഓര്‍മ്മകള്‍ മിന്നി. എടാ സുദേവാ എന്നു
വിളിച്ചു ഞാന്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്ന അവനെ കെട്ടിപിടിച്ചു. ‘സോറി ഡാ. നീ
വളരെ മാറിയല്ലോ’. പറഞ്ഞു കൊണ്ട് ഞാന്‍ അവനെ മുറിയിലേക്ക് കൊണ്ടുപോയി.
മണിക്കൂറുകളോളം അവന്‍ അവന്‍റെ
കാര്യങ്ങളും ഞാന്‍ എന്‍റെ കാര്യങ്ങളും പറഞ്ഞു. അവന്‍ കട്ടിലില്‍ പില്ലോ മതിലില്‍
ചാരി വച്ച് കിടന്നാണ് സംസാരിച്ചത്. ഞാന്‍ കസേര അവന്‍റെ അടുത്തേക്ക് നീക്കിയിട്ടും.
എത്ര വര്‍ഷത്തെ പറയാത്തതും അറിയാത്തതുമായുള്ള വിശേഷങ്ങള്‍! അവന്‍ അന്ന് തന്നെ
തിരിച്ചു പോകണമെന്ന് ധൃതി. സുഖമില്ലാതായ അവന്‍റെ ആന്‍റിയെ നാട്ടിലേക്ക് ആയുര്‍വേദ
ചികിത്സക്ക് കൊണ്ടുപോകാന്‍ വന്നതാണ്. പിറ്റേ ദിവസത്തെ ട്രെയിനിന് നാട്ടിലേക്ക്
പോകണം. എന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ എന്‍റെ
സ്കൂട്ടറില്‍ അടുത്തുള്ള ദക്ഷിന്‍ റെസ്റ്റോറന്ടിലേക്ക് പോയി.
ചൂടുള്ള ബട്ടൂര കഴിക്കുന്നതിനിടയിലാണ് അവനതു പറഞ്ഞത്. അതിനു
ശേഷം എനിക്കൊന്നും കഴിക്കാനായില്ല.
“ഞാന്‍ വിചാരിച്ചത്
സുഹൃത്തുക്കള്‍ എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമെന്നാണ്”.
“നീ ഓര്‍ക്കുന്നുണ്ടോ?
നമ്മളെല്ലാവരും ഒരുമിച്ചല്ലേ അവളുടെ വിവാഹത്തിന് പോയത്?” ഞാന്‍ ചോദിച്ചു.
“ അതേ. നമ്മളെല്ലാവരും കുടി
ഒരുമിച്ച് പോയി കൂടുകയും, പാടുകയും, ആഘോഷിക്കുകയും ചെയ്ത ആദ്യത്തെയും അവസാനത്തെയും
വിവാഹം. ഇനി അങ്ങനൊന്നുണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഇപ്പോഴാര്‍ക്ക് ആരെ നേരിട്ടു
കാണണം? എല്ലാവര്‍ക്കും മെയ്യനങ്ങാത്ത കുറുക്കുവഴികള്‍ അല്ലേ ഇഷ്ടം”
അവന്‍ പറഞ്ഞത്
എത്രയോ ശരിയാണ്. അവന്‍ അന്നും ഇന്നും ഒരു വികാരജീവി തന്നെയാണ്.
ഞാന്‍ ചോദിച്ചു. “നീയും അവളും
എത്ര യുഗ്മഗാനങ്ങളാണ് ആര്‍ട്ട്‌സ് ആന്‍ഡ് ടാലെന്‍ട്സ് ഡേ കളില്‍ പാടിയത്. അവളുടെ
വിവാഹം കഴിഞ്ഞ് തിരികെ ബസില്‍ വരുമ്പോള്‍ എല്ലാവരും ഒന്നായ് പാടിയത് നീ ഓര്‍ക്കുന്നുണ്ടോ:
‘നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ....’. അതു കേട്ടു നീ ചിരിച്ചു”. പക്ഷേ
ചിലരെങ്കിലും മനസ്സില്‍ തേങ്ങിയിട്ടുണ്ടാവണം.
സുദേവന്‍ തുടര്‍ന്നു: “അവള്‍ക്കെന്തുകൊണ്ടും
ചേരുന്ന ഒരു ബന്ധമായിരുന്നത്. സുമുഖന്‍. ബോംബെയില്‍ എഞ്ചിനീയര്‍. അകന്ന ബന്ധു. ഏക
മകന്‍”.
“അവള്‍ ഭാഗ്യവതി തന്നെ”.
എല്ലാ പെണ്‍ സുഹൃത്തുകളും അന്ന് ബസില്‍ ആണയിട്ടു. ‘അവളുടെ പ്രാര്‍ത്ഥനയാണ്’,
ക്ലാസ്സിലെ ഒരേയൊരു ഭക്തനായ ആണ്‍കുട്ടി കൃഷ്ണന്‍ അവരെ ഓര്‍മിപ്പിച്ചു. ‘കണ്ടു
പഠിക്ക്’, ഒരു താക്കീതും. കൃഷ്ണന്‍ ഒരു ഗുരുസാമിയാണ്. ചെറുപ്പം മുതല്‍ ഒരു വര്‍ഷം
പോലും തെറ്റാതെ ഇരുമുടികെട്ടും ഏന്തി പതിനെട്ടാം പടി കടക്കുന്നവന്‍. ദൈവവിശ്വാസമില്ലാത്ത
ഞാനുള്‍പ്പടെയുള്ള എല്ലാ കമ്മ്യൂണിസ്റ്റുകളും, നിരീശ്വരവാദികളും, മദ്രസയിലെ
പ്രധാനിയായ മൌലവിയുടെ മകന്‍ അബൂബക്കറും കൃഷ്ണന്‍ കൊണ്ടുവരുന്ന മധുരമുള്ള അരവണ
പ്രസാദത്തിനായി കടിപിടി കൂടുമായിരുന്നു.
എന്‍റെ മനസിലേക്ക് ഒരു വലിയ
ഭാരം ഇറക്കിവെച്ചിട്ടു സുദേവന്‍ ആശ്വാസത്തോടെ ഇരുട്ടിലേക്ക്നടന്നു നീങ്ങി.
ഗണപതിക്ഷേത്രത്തില്‍നിന്നും
പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മയുടെ ഓര്‍മ്മകള്‍ മനസ്സിനെ നിറച്ചു. അമ്മയെപ്പോലെ
ആയതുപോലെ തോന്നി. അമ്മയുടെ മുഖഭാവം. അമ്മയുടെ നടപ്പ്. അമ്മ തൊട്ടതുപോലെ ഞാന്‍ എന്‍റെ
നെറ്റിയില്‍ കുറി തൊട്ടതുകൊണ്ടാണോ? അറിയില്ല. പലപ്പോഴും നമ്മുടെ വേണ്ടപെട്ടവര്‍ക്ക്
ഇഷ്ടമായത് നമ്മള്‍ ചെയ്യുന്നത് അവര്‍ നമ്മില്‍ നിന്ന് മറഞ്ഞു പോയതിനുശേഷം ആണല്ലോ.
ഞാന്‍ ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ തീര്‍ച്ചയായും ന്നിന്നെപോലെ ഈറനണിഞ്ഞ
മുടിയില്‍ തുളസിക്കതിരും ചൂടുമായിരുന്നു.
എന്നെ ഇത്രയ്ക്ക്
മാറ്റിമറിക്കാന്‍ സുദേവന്‍ കൊണ്ടുവന്ന വാര്‍ത്തക്ക് എങ്ങനെ സാധിച്ചു? മനസിന്‍റെ
ഉള്ളില്‍ എവിടെയോ ഒരു വേദന. എത്ര ശ്രമിച്ചിട്ടും ആ അസ്വസ്ഥത മറന്നില്ലല്ലോ. ഒരു
മൂളിപ്പാട്ട് പാടി വേദനയെ മറക്കാന്‍ പറ്റുമോ? ഒരിക്കല്‍ നീയും സുദേവനും സ്റ്റേജില്‍
പാടി പുറത്തേക്കുവന്നപ്പോള്‍ കാതടിപ്പിക്കുന്ന ഹര്‍ഷാരവത്തിനിടയില്‍ ഞാന്‍
നിങ്ങളോടു രണ്ടുപേരോടും ചോദിച്ചത് സുദേവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. “എങ്ങനെയാണ്
നിങ്ങള്‍ക്ക് ഇത്രയ്ക്കു മധുരമായി പാടാന്‍ കഴിയുന്നത്?”. നീയും കേട്ടില്ലെന്നാണ്
ഞാന്‍ ആദ്യം കരുതിയത്. പക്ഷേ നീ പെട്ടെന്ന് തിരിഞ്ഞ് എന്‍റെ അടുത്തുവന്നു
ചെവിയോടു ചേര്‍ന്ന് കവി വാക്യം പാടി: “നോവു തിന്നും കരളിനേ പാടുവാനാകൂ കര്‍ണമധുരമായ്
ആര്‍ദ്രമായ്”. ഉത്തരത്തിന്‍റെ മനോഹാരിതയാണ് ഞാനന്നാസ്വദിച്ചത്. വരികളില്‍ ഒളിഞ്ഞു
കിടന്ന യാഥാര്‍ത്ഥ്യം എനിക്കന്യമായിരുന്നു.
ഞാന്‍ ഇന്ന് ലജ്ജിക്കുന്നു.
നീ എന്‍റെ സുഹൃത്താണെന്ന് ഇത്രയും നാള്‍ കരുതിയതില്‍. ഞാന്‍ ഒരു സ്വാര്‍ത്ഥനായിരുന്നു.
നീ എനിക്ക് എന്‍റെ കൈയെഴുത്തുപ്രതികള്‍ വായിച്ചുനോക്കുന്ന പ്രൂഫ് റീഡര്‍
മാത്രമായിരുന്നു. എന്തേ ഞാന്‍ നിന്നിലെ നീയെ കണ്ടില്ല? നിന്‍റെ തമാശകളാല്‍ നീ മറച്ച
നിന്‍റെ വേദനകളും, നിന്‍റെ പാട്ടുകളുടെ ഉള്ളിലെ രോദനങ്ങളും, നിന്‍റെ ഗോള്‍ഡ്
മെഡലുകളുടെ പിന്നിലെ കണ്ണുനീര്‍തുള്ളികളും എന്തേ എനിക്ക് മനസ്സിലാക്കാന്‍
കഴിയാതിരുന്നത്. സുഹൃത്താണ് പോലും സുഹൃത്ത്!
സ്റ്റഡി ടൂറുകളും, നഗരങ്ങളിലേക്കുള്ള
ഇന്‍ഡസ്ട്ര്രി വിസിറ്റും മറ്റും ഉള്ളപ്പോളെല്ലാം നിന്‍റെ അമ്മയ്ക്ക് സുഖമില്ലെന്ന്
നീ പ്രൊഫസ്സറോട് പറഞ്ഞു. ഫീസ് കൊടുക്കേണ്ട അവസാന തീയതി എപ്പോഴും മറന്നിരുന്ന നീ,
നിന്‍റെ മറവി രോഗത്തെ പഴിച്ചുകൊണ്ടിരുന്നു. “വൈ ആര്‍ യു സൊ കെയര്‍ലെസ് സംടൈംസ്?”
ഞങ്ങള്‍ നിന്നോട് ചോദിച്ചു. ബാല്യകാലത്തിലേ അച്ഛനെ നഷ്ടപ്പെട്ട നീയും അമ്മയും നിന്‍റെ അമ്മാവന്‍റെ ആശ്രയത്വത്തില്‍
ആയിരുന്നെന്നും നിങ്ങള്‍ ചെന്നതിനു ശേഷം അവര്‍ക്ക് വേറെ വാല്യക്കാരുടെ ആവശ്യം
വേണ്ടിവന്നില്ലെന്നും സുദേവന്‍ പറയാതെ ഞാന്‍ മെനഞ്ഞെടുത്ത ഉപകഥ.
എല്ലാ വേദനകളും
അടക്കിവെച്ചു ചിരിച്ചും ഉല്ലസിച്ചും പാടു പാടിയും കഴിഞ്ഞ നീ കൂട്ടുകാരില്ലാത്തവര്‍ക്ക്
കൂട്ടുകാരിയും, മനോവിഷമം ഉള്ളവര്‍ക്ക് സഹായിയും, ഭീരുകള്‍ക്കും നിരാശിതര്‍ക്കും
ധൈര്യവും ആയിരുന്നല്ലോ. ഞാനെങ്ങനെ സുദേവന്‍ പറഞ്ഞത് വിശ്വസിക്കും? ബോറിവലിയിലെ ഫ്ലാറ്റില്‍
ഒരു സാരിത്തുമ്പില്‍ ത്യജിക്കാന്‍ മാത്രം വില കേട്ടുപോയിരുന്നോ നിന്‍റെ മനസും
ശരീരവും? എപ്പോഴാണ് സുഹൃത്തേ നിനക്ക് വേദനകളും അവഗണനകളും താങ്ങാവുന്നതിലും
അധികമായത്? പ്രസാദാത്മകത്വത്തിന്‍റെ ശക്തമായ വക്താവായിരുന്ന നിനക്ക് നിന്നെ തന്നെ
രക്ഷിക്കാന്‍ ആവാത്ത ആ സ്ഥിതിയിലെത്തിച്ചത് ആരാണ്? എന്താണ്?
ജീവിതം ആകെ വൈരുദ്ധ്യം
നിറഞ്ഞതുതന്നെ. അല്ലെങ്കില്‍ ദൈവമെന്ന സങ്കല്പത്തെ ഏറ്റവും വെറുക്കേണ്ട ഈ സമയത്ത്
അവിശ്വാസിയായ ഞാന്‍ എന്തിന് ക്ഷേത്രത്തില്‍ പോയി തൊഴുതു? എന്തിനു ഞാന്‍ എന്‍റെ
നെറ്റിയില്‍ കുറി തൊട്ടു?
എനിക്കൊന്നും കൂടുതല്‍
എഴുതാന്‍ കഴിയുന്നില്ല. കണ്ട സിനിമയിലെ പാട്ടും മൂളികൊണ്ട് കൂട്ടുകാരന്‍
എത്തികഴിഞ്ഞു.
ഞാന്‍ നിര്‍ത്തട്ടെ.
നീ ഇപ്പോള്‍ എന്താണ്
ചിന്തിക്കുന്നത്?
“എനിക്കറിയാമായിരുന്നു. നീ
ഈ കഥ ഒരിക്കലും പൂര്‍ത്തിയാക്കുകയില്ലെന്ന്. ഒരു ജീവന്‍ കുടി ലോകം കാണാതെ മറഞ്ഞു.
എനിക്ക് നിന്നെ അറിയില്ലേ. നീയും നിന്‍റെ ഒരു മൂഡും”.
എത്ര ലാഘവത്തോടെ നീ ഇത്
പിന്നെയും പറഞ്ഞു. എനിക്ക് നിന്നെ വെറുക്കാന്‍ ഒരു കാരണം കുടി!
സിബിച്ചന്‍ കെ മാത്യു
അഭിപ്രായങ്ങള്‍ താഴെ
comment ആയി എഴുതൂ. അല്ലെങ്കില്‍ sibi5555@gmail.com
രണ്ട് വട്ടം വായിച്ചു.തീവ്രമായ ചിന്തകൾ!!!
ReplyDeleteപ്രവാഹിനി ലിങ്ക് അയച്ച് തന്ന് വന്നതാണു.പക്ഷേ ഇതെന്ത് പറ്റി??